ദേശീയ ഗാനം പുന:ക്രമീകരിക്കാന്‍ തയാറെടുത്ത് സഊദി; ഈണമേകുന്നത് വിഖ്യാത സംഗീതജ്ഞൻ

0
719

റിയാദ്: ദേശീയ ഗാനം പുന:ക്രമീകരിക്കാന്‍ തയാറെടുത്ത് സൗദി. ലോകപ്രശസ്ത സംഗീതജ്ഞൻ ഹാന്‍സ് സിമ്മര്‍ ആണ് സൗദിയുടെ ദേശീയ ഗാനത്തിന് പുതിയ ഈണവും താളവും നൽകാൻ എത്തുന്നത്. സൗദി ജനറല്‍ എന്റര്‍ടെയ്ൻമെന്റ് (ജിഇഎ) ചെയര്‍മാന്‍ തുര്‍ക്കി അല്‍ അല്‍ഷെയ്ഖ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ദേശീയ ഗാനം പുന:ക്രമീകരിക്കുന്നതുള്‍പ്പെടെ രാജ്യത്തിന്റെ സാംസ്‌കാരിക മുഖം സമ്പന്നമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭാവി പദ്ധതികളെക്കുറിച്ചും സിമ്മറുമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്തങ്ങളായ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതിയ താളവും ഈണവും നല്‍കിയാകും ദേശീയ ഗാനം കൂടുതല്‍ മനോഹരമാക്കുക. പുതുമയാര്‍ന്ന വ്യാഖാനം നല്‍കി ദേശീയ ഗാനം കൂടുതല്‍ ആകര്‍ഷണീയമാക്കുകയാണ് ലക്ഷ്യം.

സൗദിയുടെ പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിച്ചുകൊണ്ട് അറേബ്യ എന്ന തലക്കെട്ടില്‍ സിമ്മര്‍ പുതിയ ഗാനവും രചിച്ചിട്ടുണ്ട്. സൗദിയ്ക്കുള്ള സംഗീത ശ്രദ്ധാജ്ഞലി മാത്രമല്ല രാജ്യത്തിന്റെ കലാസ്വപ്‌നങ്ങളുടെ പ്രതീകമായി ആഗോള തലത്തില്‍ പ്രതിധ്വനിക്കുകയും ചെയ്യുന്നതാണ് പുതിയ രചന. 

വരും വര്‍ഷങ്ങളില്‍ റിയാദ് സീസണിന്റെ ഭാഗമായി ഗംഭീര സംഗീത വിരുന്നൊരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. 2034 ഫിഫ ലോകകപ്പിന് ആതിഥേയരാകാന്‍ തയാറെടുക്കുന്ന സൗദി  കൂടുതല്‍ മികവു പുലര്‍ത്തി ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ ഒരുങ്ങുകയാണ് എന്നതിന്റെ സൂചനയാണ് ദേശീയ ഗാനം പരിഷ്കരിക്കുന്നത്. 

റോയല്‍ സല്യൂട്ട് എന്നറിയപ്പെടുന്ന സൗദിയുടെ ദേശീയ ഗാനം നിലവില്‍ വാദ്യോപകരണ പതിപ്പാണ്. വേഗം എന്നാണ് ഗാനത്തിലെ ആദ്യ പദം തന്നെ. വേഗത്തിലാക്കുക എന്നാണ് ഗാനത്തിന്റെ ആദ്യ വരിയും. 1947 ല്‍ അബ്ദുല്ലസീസ് രാജാവിന്റെ ഈജിപ്ത് സന്ദര്‍ശനത്തിനിടെ ഈജിപ്ത് രാജാവ് ഫറൂഖ് സമ്മാനമായി നല്‍കിയതാണ് ദേശീയ ഗാനത്തിന്റെ രചന. ഈ രചനയ്ക്ക് 1947 ല്‍ തന്നെ സൗദി സംഗീത സംവിധായകന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഖത്തിബ് ഈണം നല്‍കി. 

വരികളില്ലാതെ ചിട്ടപ്പെടുത്തിയ ഗാനത്തിന് 1950 ല്‍ അബ്ദുല്ലസീസ് രാജാവാണ് അംഗീകാരം നല്‍കിയത്. സൗദിയുടെ ഔദ്യോഗിക ചടങ്ങുകളില്‍ നയതന്ത്രജ്ഞർക്കും രാജകുടുംബത്തിനും ആദരവ് നല്‍കുന്നതിനു മാത്രമായാണ് ആദ്യം ദേശീയ ഗാനം ഉപയോഗിച്ചു തുടങ്ങിയത്. അന്നത്തെ ഭരണാധികാരി ഫഹദ്  രാജാവിന്റെ നിര്‍ദേശ പ്രകാരം 1984 ല്‍ കവി ഇബ്രാഹിം ഖഫാജി ദേശീയ ഗാനത്തിന് വരികള്‍ കൂട്ടിച്ചേര്‍ത്തു. സൗദി രചയിതാവ് സിറാജ് ഉമര്‍ വരികള്‍ കൂട്ടിച്ചേര്‍ത്തുള്ള വാദ്യോപകരണ പതിപ്പ് ചിട്ടപ്പെടുത്തി. അറബ് സംഗീതം അടിസ്ഥാനമാക്കിയ സൗദിയുടെ ദേശീയ ഗാനം മറ്റ് അറബ് രാജ്യങ്ങളിലെ ഗാനത്തിന് സമാനമാണ്. 1984 ലെ ഈദ് അല്‍ ഫിത്തര്‍ ആഘോഷത്തില്‍ ദേശീയ ടെലിവിഷന്‍, റേഡിയോ ചാനലുകളിലൂടെയാണ്  ജനങ്ങള്‍ ആദ്യമായി സൗദിയുടെ ദേശീയ ഗാനം കേട്ടത്.