ദമാം: ഡിസി ബുക്‌സ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്‌ത പുസ്തകങ്ങളിൽ ശ്രദ്ധേയമായി മുൻ പ്രവാസിയുടെ കവിത സമാഹാരവും ഇടം നേടി. ദമാമിൽ പ്രവാസിയായിരുന്ന മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി എം ബഷീറിൻറെ “പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ” എന്ന കവിതാ സമാഹാരമാണ് പ്രമുഖ കഥാകൃത്ത് ബെന്യമിൻ പ്രകാശനം ചെയ്‌തത്. ഡിസി ബുക്സിന്റെ നാൽപത്തി ഏഴാം വാർഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എം മുകുന്ദൻ, വി ആർ സുധീഷ് തുടങ്ങിയ പ്രമുഖരുടെതടക്കം നാൽപ്പത്തി ഏഴ് പുസ്തകങ്ങളോടൊപ്പമാണ് പ്രകാശനം നടന്നത്.
മറ്റാരുടെയോ ജീവിതത്തിലേക്കുള്ള ബസ്സ്, വെടിയേറ്റ ശലഭം, അവസാന വരിയിലെ വാക്ക്, പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ തുടങ്ങി 50 കവിതകൾ അടങ്ങുന്നതാണ് ബഷീറിന്റെ ആദ്യ കവിതാ സമാഹാരമായ പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചതും സോഷ്യൽ മീഡിയകളിൽ കുറിച്ചിട്ടവയിൽ ശ്രദ്ധേയമായവയും ഉൾക്കൊള്ളുന്നതാണ് പ്രസിദ്ധീകരിച്ച കവിതകൾ.

എം ബഷീർ
തയ്യൽ തൊഴിലാളിയുടെ മകനായി ജനിച്ച ബഷീറിന് ചെറുപ്പം മുതലേ വായനയോട് അടങ്ങാത്ത സ്നേഹമായിരുന്നു. ഇതാണ് എഴുത്തിലേക്ക് തിരിച്ചു വിട്ടത്. പത്താം ക്ലാസ് തോറ്റതോടെ പഠിത്തം നിർത്തിയെങ്കിലും പതിനഞ്ച് വയസ്സ് മുതൽ കഥകൾ എഴുതിത്തുടങ്ങി. ആദ്യ കഥ 1987 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നു. 1991 വരെ മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിൽ കഥകൾ എഴുതിയിരുന്നു. തുടർന്നാണ് പ്രവാസം സ്വീകരിച്ചത്. പ്രവാസത്തിന്റെ തുടക്കത്തിൽ എഴുത്തിനും വായനക്കും സ്വാഭാവികമായ ഇടവേള വന്നു. ദമാം നവോദയയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു തുടങ്ങിയതോടെ സൗഹ്യദം വളരുകയും സുഹ്യത്തുക്കളുടെ പ്രോത്സാഹനത്തോടെ കവിതകൾ എഴുതി തുടങ്ങുകയും ചെയ്‌തു. ഇങ്ങനെ എഴുതിയ കവിതകൾ സുഹുത്തുക്കൾ മുഖേന ഡിസി ബുക്‌സിന്റെ മുമ്പിലെത്തിയപ്പോൾ അവർ ആവശ്യപ്പെട്ടതനുസരിച്ചു അയച്ചു കൊടുക്കുകയായിരുന്നു.
94 ൽ പ്രവാസം സ്വീകരിച്ച ബഷീർ ഇരുപത്തി അഞ്ചു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ചിത്രകാരൻ, ചുമട്ടുകാരൻ, തോട്ടം തൊഴിലാളി, കമ്പനി തൊഴിലാളി, പെയിന്റർ തുടങ്ങി ഒട്ടനവധി ജോലികൾ ചെയ്‌തിട്ടുണ്ട്. ഹാജറയാണ് ഭാര്യ, ജംഷീറ, ജുബൈരിയ, ജസ്‌ന എന്നിവർ മക്കളാണ്.




