കറകളഞ്ഞ രാഷ്ട്രീയ നേതാവിനപ്പുറം ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ധന്‍ എന്ന വിശേഷണമാണ് മന്മോഹന് സിങ്ങിന് ചേരുക. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഗതി തന്നെ മാറ്റി മറിച്ച മിതഭാഷിയായ ആ ‘മണിമാന്’. ടെക്നോക്രാറ്റില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള പരകായപ്രവേശമായിരുന്നില്ല മന്മോഹന് സിങ്ങിന്റേത്. മന്മോഹനൊരിക്കലും ജനകീയ നേതാവായിരുന്നില്ല.
പ്രധാനമന്ത്രിയായപ്പോള്‍ പോലും രാഷ്ട്രീയ നേതാവിനപ്പുറം മന്‍മോഹനിലെ ‘ഇക്കണോമിസ്റ്റ്’ ഒരു പടി മുന്നില്‍ നിന്നു. വിട്ടുവീഴ്ചയില്ലാത്ത സാമ്പത്തിക വിദഗ്ധനില്‍നിന്ന് ഒത്തുതീര്പ്പിലെത്തുന്ന രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം മന്മോഹനെ സംബന്ധിച്ച് അത്ര ചെറുതുമായിരിക്കില്ല. നരസിംഹറാവുവിനൊപ്പമുണ്ടായിരുന്ന തൊണ്ണൂറുകളായിരിക്കണം മന്മോഹന് സിങ്ങിലെ രാഷ്ട്രീയക്കാരനെയും സാമ്പത്തിക വിദഗ്ധനേയും സംയോജിപ്പിച്ചത്. അമിതാഹ്ലാദമോ, അതിഗംഭീര പ്രസംഗങ്ങളോ ഇല്ലാതെ ജീവിതം പഠിപ്പിച്ച ലാളിത്യം കൊണ്ട് മന്മോഹന് എക്കാലവും നേതാക്കള്‍ക്കിടയില്‍ വ്യത്യസ്തനായി.
മന്മോഹന് സിങ് എന്ന ലാളിത്യം
മന്ത്രിയാകും മുന്‍പ് ഡല്‍ഹിയില്‍ ഡി.ടി.സി. ബസ്സില്‍ സഞ്ചരിച്ചിരുന്ന അപൂര്‍വം ബ്യൂറോക്രാറ്റുകളില്‍ ഒരാളാണ് മന്‍മോഹന്‍സിങ്. ഔദ്യോഗിക കാര്‍ കുടുംബാംഗങ്ങൾ ഉപയോഗിക്കുന്നതും അദ്ദേഹം വിലക്കി. ധനമന്ത്രിയായിരുന്ന കാലത്തെല്ലാം ഒരേ സ്യൂട്ടണിഞ്ഞ് പാര്‍ലമെന്റിലെത്തിയ മന്മോഹന്, ഓരോ പരിപാടിക്കും ലക്ഷക്കണക്കിന് രൂപയുടെ കോട്ടും സ്യൂട്ടുമണിയുന്ന നേതാക്കന്മാരുടെ നാട്ടില്‍ വ്യത്യസ്തനായി. ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്നവരെ ‘ഓക്സണ്‍’ എന്ന് വിളിക്കാറുണ്ട്. പക്ഷേ, ഒരിക്കല്‍ പോലും തന്റെ പേരിനൊപ്പം അങ്ങനെയൊരു വിശേഷണം മന്മോഹന് സിങ് ചേര്‍ത്തിട്ടില്ല. റിക്ഷാക്കാരന്റെ ദൈന്യതയോര്ത്ത് ജീവിതത്തിലിതുവരെ സൈക്കിള്‍ റിക്ഷയില്‍ കയറാത്ത മന്മോഹന് 1979-ല്‍ അമ്മ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും തിടുക്കപ്പെട്ടുള്ള ഓട്ടത്തില്‍ സൈക്കിള്‍ റിക്ഷ ഒഴിവാക്കിയെന്ന് മനോജ് മേനോന് 2004-ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.





