റിയാദ്: തവക്കൽന ആപ് പുതിയ അപ്ഡേഷനിൽ പുതിയ സേവനം കൂടി കൂട്ടിച്ചേർത്തു. ഓരോ സഊദി പ്രവാസിയുടെയും അന്താരാഷ്ട്ര യാത്രാ വിവരങ്ങൾ കൂടി ഉൾപെടുത്തിയാണ് ആപ് പരിഷ്കരിച്ചത്. സഊദിയിൽ നിന്നും ഏത് രാജ്യത്തേക്കും തിരിച്ചുമുള്ള യാത്രാ രേഖകൾ അവലോകനം ചെയ്യാൻ സാധിക്കുന്ന തരത്തിൽ മുഴുവൻ യാത്രാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഓരോരുത്തരുടെയും അബ്ഷിർ അകൗണ്ടിൽ യാത്രാ വിവരങ്ങൾ അറിയാമായിരുന്നു. സഊദിയിൽ നിന്നും പുറപ്പെട്ടതും തിരിച്ചുമുള്ള വിദേശ യാത്രകളുടെ സമയവും തീയതിയും അറിയാൻ സാധിക്കും.
ആപ്ലിക്കേഷനിൽ ഡാഷ്‌ബോർഡിലാണ് ഇത് കൂട്ടിച്ചേർത്തത്. ഡാഷ്‌ബോർഡ് ഐക്കണിൽ ക്ലിക്കുചെയ്‌ത്, ലിസ്റ്റിന്റെ ചുവടെയുള്ള “ഇന്റർനാഷണൽ ട്രാവൽ ഹിസ്റ്ററി” തുറക്കുന്നതോടെ സേവനം ലഭ്യമാകും. യാത്ര ചെയ്ത ദിവസം, അതിർത്തി കേന്ദ്രം, സമയം, പോയ രാജ്യം, തിരിച്ചെത്തിയ ദിവസം, സമയം, പ്രവേശന കേന്ദ്രം, വിമാന വിവരങ്ങൾ തുടങ്ങിയവ അറിയാൻ സാധിക്കും. “തവക്കൽന” ആപ്ലിക്കേഷൻ സേവനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും തുടരുന്നുണ്ട്. ഏറ്റവും ഒടുവിൽ ഇന്നലെ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നിയമനങ്ങൾക്ക് മുൻഗണനാ സംവരണം കൂട്ടിച്ചേർത്തിരുന്നു.





