മക്കയിലെ മൻസൂറ സ്വർണ്ണ ഖനി രാജ്യത്തെ ഏറ്റവും വലുത്, പ്രത്യേകതകൾ ഇങ്ങനെ

0
3041

മക്ക: മക്ക പ്രവിശ്യയിലെ അൽഖുർമയിലെ മൻസൂറ സ്വർണ ഖനി അടുത്ത വർഷം മധ്യത്തോടെ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാനാകുമെന്ന് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വർണ ഖനി പദ്ധതികളിൽ ഒന്നായ മൻസൂറ ഖനി 330 കോടി റിയാൽ ചെലവഴിച്ചാണ് സജ്ജീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ സഊദി അറേബ്യൻ മൈനിംഗ് കമ്പനിക്കു കീഴിൽ പ്രവർത്തിക്കുന്ന സ്വർണ ഖനിയിൽ ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എൻജിനീയർ ഖാലിദ് അൽമുദൈഫിറിന്റെ സന്ദർശനം നടത്തി വിലയിരുത്തിയിരുന്നു.

രണ്ടര ലക്ഷം ഔൺസ് സ്വർണവും വെള്ളിയും ഉൽപാദിപ്പിക്കാൻ മൻസൂറ ഖനിക്ക് ശേഷിയുണ്ടെന്നാണ് കരുതുന്നത്. ഓട്ടോക്ലേവ് സാങ്കേതികവിദ്യയിലാണ് മൻസൂറ ഖനിയിൽ അയിരുകൾ സംസ്‌കരിക്കുക. സ്വർണം പുറത്തെടുക്കുന്നതിനുള്ള സവിശേഷ സാങ്കേതികവിദ്യയായ ഓട്ടോക്ലേവ് ലോകത്ത് അഞ്ചിടങ്ങളിൽ മാത്രമാണ് ഉപയോഗിക്കുന്നത്. നിർമാണ ഘട്ടത്തിൽ ഖനിയിൽ ജോലി ചെയ്യുന്ന 4,500 പേരിൽ 20 ശതമാനം പേർ സഊദികളാണ്. പ്രവർത്തന ഘട്ടത്തിൽ ഖനിയിൽ 900 ഓളം ജീവനക്കാരുണ്ടാകും. ഇക്കൂട്ടത്തിൽ പകുതിയോളം സഊദികളായിരിക്കും.