അഞ്ചു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കള്ളക്കേസിൽ കുടുങ്ങിയ മലയാളിക്ക് സഊദി ജയിലിൽ നിന്ന് മോചനം

0
3521

റിയാദ്: സഊദി പൗരന്റെ കള്ളക്കേസിൽപെട്ട് ജയിലിലായ മലയാളിക്ക് ഒടുവിൽ അഞ്ചു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മോചനം. കൊല്ലം കടയ്ക്കൽ വട്ടത്താമര സ്വദേശി ചിറയത്ത് വീട്ടിൽ അനിന്ത് ശശിധരൻ (54) ആണ് ഒടുവിൽ നാടണഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് ഹൗസ് ഡ്രൈവറായി സഊദിയിൽ എത്തിയ അനിന്ത് ശശിധരൻ അറിയാത്ത ഏതാനും അറബിക് പേപ്പറുകളിൽ സ്പോൺസറുടെ മകന്റെ ആവശ്യപ്രകാരം ഒപ്പ് നൽകിയതാണ് വിനയായത്. 2016 ഒക്ടോബറിൽ അനിന്തിന്റെ ഭാര്യാപിതാവ് സുരേഷ് ബാബു സഊദിയിലെ അൽഖർജിൽവെച്ച് മരിച്ചിരുന്നു. തുടർന്ന് മൃതദേഹം നാട്ടിലേക്ക് അയക്കാനായി രേഖകൾ തയാറാക്കുന്നതിനിടെയാണ് സ്‌പോൺസറുടെ മകൻ ചതി ഒപ്പിച്ചത്.

മരണപ്പെട്ട സുരേഷ് ബാബുവിന്റെ സ്‌പോൺസറുടെ മകനും അനിന്തും തമ്മിൽ ഭീമമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും അത് ലഭിക്കണമെന്നും കാണിച്ച് സ്‌പോൺസറുടെ മകൻ വ്യാജ പരാതി നൽകി കോടതിയെ സമീപിച്ചതോടെയാണ് കേസ് ആരംഭിക്കുന്നതത്. കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വദേശി പൗരനോടൊപ്പം കൊല്ലം സ്വദേശിയായ മറ്റൊരാളും വ്യാജമൊഴി നൽകിയതോടെ അനിന്തു പ്രതിയാകുകയും ഹർജിക്കാരെൻറ പണം മടക്കിനൽകി സാമ്പത്തിക ഇടപാട് തീർക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. പക്ഷെ, പണം നൽകാനാകാത്തത് കാരണം ജയിലിലാകുകയായിരുന്നു.

തുടർന്ന് ഡോ: ഷിബു, പാസ്റ്റർ ബിജു എന്നിവർ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവൂരിെൻറ സഹായം തേടി. അനിന്തിന്റെ കുടുംബം ചുമതലപ്പെടുത്തിയതനുസരിച്ച് സിദ്ദീഖ് വിഷയത്തിൽ ഇടപെടുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. സഊദി വക്കീൽ ഉസാമ അൽഅംബർ വഴി അപ്പീൽ നൽകുകയും സിദ്ദീഖ് തൂവൂർ അൽഖർജ് ഗവർണറെ നേരിട്ട് കാണുകയും നിയമസഹായം അഭ്യർഥിക്കുകയും ചെയ്തു. ഒടുവിൽ അഞ്ചുവർഷം നീണ്ട നിയമപോരാട്ടം വിജയിച്ച് ജയിൽമോചിതനായ അനിന്ത് ശശിധരൻ നാട്ടിലേക്ക് മടങ്ങി.