കോഴിക്കോട്– ക്വാലലംപുർ സർവീസ് നിർത്തി എയർ ഏഷ്യ; വിമാനത്താവള കൗണ്ടർ അടച്ചു

1 Min Read

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന്റെ ടൂറിസം സാധ്യതകൾക്കു ചിറകുനൽകിയ ക്വാലലംപുർ സർവീസ് നിർത്തി എയർ ഏഷ്യ കരിപ്പൂർ വിട്ടു.

ഇറാൻ യുദ്ധത്തിനു പിന്നാലെ, താൽക്കാലികമായി നിർത്തിയ സർവീസ് ഇനി ഉടനുണ്ടാകില്ലെന്ന സൂചന നൽകി വിമാനത്താവളത്തിലെ കൗണ്ടർ അടച്ചു. ജീവനക്കാരെയും പിൻവലിച്ചു. വിമാന ഇന്ധന വിലവർധനയും മറ്റുമാണ് സർവീസ് നിർത്താൻ ഇടയാക്കിയതെന്നാണു പറയുന്നത്. മാത്രമല്ല, കോഴിക്കോട് –ബാങ്കോക്ക് സർവീസ് നടത്താൻ എയർ ഏഷ്യയ്ക്ക് അനുമതി ലഭിച്ചത് ഈയിടെ ആയിരുന്നു.

ബാങ്കോക്ക് സർവീസ് ഉടനുണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴാണ് കരിപ്പൂരിലെ സേവനം നിർത്തുന്നത്. ഇതോടെ, ബാങ്കോക്ക് സർവീസ് സാധ്യതയും മങ്ങി. 2024 ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചതാണ് കോഴിക്കോട് –ക്വാലലംപുർ സർവീസ്. മികച്ച പ്രതികരണമാണു ലഭിച്ചിരുന്നത്. 5,000 രൂപയായിരുന്നു ആദ്യകാല ടിക്കറ്റ് നിരക്ക്. പിന്നീടത് 15,000 രൂപയ്ക്കു മുകളിലായിട്ടും യാത്രക്കാർക്കു കുറവുണ്ടായിരുന്നില്ല.

വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാനങ്ങളുണ്ട് എന്നതിനാൽ വിദ്യാർഥികളും വിനോദസഞ്ചാരികളും യാത്രക്കാരായി ഏറെയുണ്ടായിരുന്നു. കൊറിയ, റഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ഹോങ്കോങ്, കംബോഡിയ, വിയറ്റ്നാം, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ എയർ ഏഷ്യയുടെ ക്വാലലംപുർ സർവീസ് പ്രയോജനപ്പെടുത്തിയിരുന്നു. ഈ സർവീസാണ് നിലച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version