“കേസ് ഡയറി തിരുത്തിയത് അജിത് കുമാർ പറഞ്ഞിട്ട്”; ‘രക്ഷാപ്രവർത്തന’ കേസിൽ എഡിജിപി അജിത് കുമാറിൻ്റെ ഇടപെടലിന് നിർണായക തെളിവുകൾ

1 Min Read

ആലപ്പുഴ: നവകേരള യാത്രയ്ക്കിടയിലെ ഗൺമാന്മാരുടെ ‘രക്ഷാപ്രവർത്തന’ കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഇടപെടലിന് നിർണായക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. കേസ് ഡയറി തിരുത്തിയത് അജിത് കുമാർ പറഞ്ഞിട്ടെന്ന് അദ്ദേഹത്തിൻ്റെ ഓഫീസിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐമാർ മൊഴി നൽകി.

തിരുത്താൻ ആവശ്യപ്പെട്ടത് വയനാട് ദുരന്തസ്ഥലത്ത് നിന്നാണ്. തിരുത്തിയ റിപ്പോർട്ട് അജിത് കുമാർ നേരിട്ട് പരിശോധിച്ചു. കേസ് എഴുതി തള്ളാനുള്ള നടപടി വേഗത്തിലാക്കാൻ എഡിജിപി നിർദേശിച്ചെന്നും മൊഴിയിൽ പറയുന്നു.

കേസ് ഡയറി തിരുത്താൻ എഡിജിപി നേരിട്ടെത്തിയെന്നും എസ്ഐമാർ മൊഴി നൽകി. അന്വേഷണ ഉദ്യോഗസ്ഥരെ ആദ്യം വിളിപ്പിച്ചത് 2024 ആഗസ്റ്റ് അഞ്ചിനാണ്. ആദ്യം തിരുത്തേണ്ട കാര്യങ്ങൾ എഴുതി നൽകി. കോടതിയിൽ റിപ്പോർട്ട് നൽകാത്തതിനാൽ 13ന് വീണ്ടും വിളിപ്പിച്ചു. 15ന് വൈകീട്ട് അജിത് കുമാർ ഓഫീസിലെത്തി. തിരുത്തിയ റിപ്പോർട്ട് പരിശോധിച്ച് അംഗീകരിച്ചെന്നും മൊഴിയിൽ പറയുന്നുണ്ട്.

അതേസമയം, ഗൺമാന്മാരുടെ മർദനത്തിൽ എസ്ഐടി പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞ തവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്.

2023 ഡിസംബറിന് ആലപ്പുഴയില്‍, നവ കേരള സദസ് ബസിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ ഗൺമാൻമാർക്ക് വീഴ്ച സംഭവിച്ചെന്ന് എസ്ഐടി സ്ഥിരീകരിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version