ശമ്പളം വൈകിയാൽ തൊട്ടടുത്ത ദിവസം പരാതിപ്പെടാം; പുതിയ ശമ്പളനിയമത്തിൽ പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

1 Min Read

അബുദാബി:യുഎഇയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകണമെന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ. മുൻപുണ്ടായിരുന്ന 15 ദിവസത്തെ ഇളവ് പൂർണമായി ഒഴിവാക്കി. ശമ്പളം ഒരു ദിവസം വൈകിയാൽ തൊട്ടടുത്ത ദിവസം മുതൽ പരാതിപ്പെടാം.

സ്വകാര്യ മേഖലയിലെ ശമ്പള വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണു വേതന സുരക്ഷാ നിയമം (ഡബ്ല്യുപിഎസ്) പരിഷ്‌കരിച്ചതെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വിശദീകരിച്ചു. നിയമലംഘകർക്കെതിരെ രണ്ടാം ദിവസം മുതൽ കടുത്ത നടപടി ആരംഭിക്കും.

ഒരു സ്ഥാപനത്തിലെ ജീവനക്കാരിൽ കുറഞ്ഞത് 85% പേർക്കെങ്കിലും ഒന്നാം തീയതി ശമ്പളം നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ കമ്പനി നിയമം പാലിച്ചതായി കണക്കാക്കൂ. ശമ്പളത്തിൽനിന്ന് നിയമപരമായി പിടിക്കുന്ന തുക കഴിഞ്ഞ്, 85 ശതമാനമെങ്കിലും നൽകണം. എന്നാൽ ഇത് കമ്പനികൾക്ക് ശമ്പളം കുറയ്ക്കാനുള്ള അവകാശമല്ലെന്നും അക്കൗണ്ടിങ് തടസ്സങ്ങൾ കൈകാര്യം ചെയ്യാനുള്ള താൽക്കാലിക പരിധി മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരന് ബാക്കി മുഴുവൻ തുകയും നൽകണം.

∙ പരാതിയില്ലെങ്കിലും സ്വമേധയാ കേസെടുക്കും
ശമ്പളം വൈകിയാൽ ജീവനക്കാർ പരാതി നൽകാൻ കാത്തുനിൽക്കാതെ 16-ാം ദിവസം മന്ത്രാലയം സിസ്റ്റം വഴി സ്വമേധയാ തൊഴിൽ തർക്കക്കേസ് റജിസ്റ്റർ ചെയ്യും. ശമ്പളം വൈകിക്കുന്നതു തുടർന്നാൽ സ്ഥാപനത്തിന്റെ ആസ്തികൾ മരവിപ്പിക്കാനും കമ്പനിയുടെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു. വൻതോതിൽ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികളുടെ കേസ് നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

∙ ഒഴിവാക്കപ്പെട്ടവർ
കോടതിയിൽ കേസ് നിലവിലുള്ളവർ, ജോലിയിൽനിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടവർ, തടവിലുള്ളവർ, ശമ്പളമില്ലാത്ത അവധിയിലുള്ളവർ എന്നിവരെ ഈ നിയമ പരിധിയിൽ നിന്ന് ഒഴിവാക്കി. കൂടാതെ കപ്പൽ ജീവനക്കാർ, വിദേശത്തുനിന്ന് ശമ്പളം വാങ്ങുന്നവർ, 3 മാസത്തിൽ താഴെ കാലാവധിയുള്ള താൽക്കാലിക വീസക്കാർ, ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവർക്കും കടുത്ത ചട്ടങ്ങളിൽ ഇളവുണ്ട്. ശമ്പളം വൈകിയാൽ ജീവനക്കാർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്, കോൾ സെന്റർ എന്നിവ വഴി പരാതിപ്പെടാം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version