രക്ഷപ്പെടുമെന്ന പ്രതീക്ഷ 18 വര്‍ഷം വരെ ഇല്ലായിരുന്നു; പഴയതെല്ലാം മറക്കണം; ജീവിതം പറഞ്ഞ് അബ്ദുറഹീം

3 Min Read
  • ‘ഫോണ്‍ വിളിക്കാന്‍ കൊലപാതകക്കേസ് പ്രതികള്‍ക്ക് 14 മിനിറ്റാണ് സമയം, നാല് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം’

കോഴിക്കോട്: പുറത്തിറങ്ങാനാകുമെന്ന യാതൊരു പ്രതീക്ഷയും പതിനെട്ട് വര്‍ഷം വരെയും ഉണ്ടായിരുന്നില്ലെന്ന് സഊദിയില്‍ ജയില്‍ മോചിതനായ കോഴിക്കോട് രാമനാട്ടുകര കോടമ്പുഴയിലെ അബ്ദുല്‍ റഹീം. ജനങ്ങളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയുടെയും ഇന്ത്യന്‍ എംബസിയുടെയും നിരന്തര പരിശ്രമം വിജയം കണ്ടു. എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ടെന്നും അബ്ദുല്‍ റഹീം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി കോഫി വിത്ത് അരുണിലായിരുന്നു അബ്ദുള്‍ റഹീം മനസ്സ് തുറന്നത്. 2006ല്‍ സഊദിയില്‍ അറസ്റ്റിനിടയാക്കിയ കാരണവും അബ്ദുല്‍ റഹീം ഓര്‍ത്തെടുത്തു.

’18 വര്‍ഷം ഇങ്ങനെയൊരു സാഹചര്യം ഒരുക്കി കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. രക്ഷപ്പെടും എന്ന പ്രതീക്ഷയില്ലായിരുന്നു. ജനങ്ങളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയുടെയും ഇന്ത്യന്‍ എംബസിയുടെയും നിരന്തര പരിശ്രമം വിജയം കാണുകയായിരുന്നു. വധശിക്ഷയില്‍ നിന്നും ഒഴിവാക്കി തരാമെന്ന് ആ കുടുംബവും തീരുമാനിച്ചു. പണത്തിന് വേണ്ടിയുള്ള പോരാട്ടം ജനം ഏറ്റെടുത്തു. എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ട്’, എന്നായിരുന്നു അബ്ദുല്‍ റഹീമിന്റെ പ്രതികരണം. സംഭവിച്ചതെല്ലാം എഴുതാന്‍ ആലോചനയുണ്ടോയെന്ന ചോദ്യത്തോട് ‘ അതൊക്കെ മറക്കാനാണ് ആഗ്രഹിക്കുന്നത്. പഴയകാലങ്ങളെല്ലാം കഴിഞ്ഞു. പുതിയ ജീവിതത്തിലേക്ക് കടക്കണം. ഓര്‍ത്തെടുക്കാന്‍ താല്‍പര്യമില്ല’, എന്നായിരുന്നു റഹീമിന്റെ മറുപടി.

‘ജയിലില്‍ കഴിയുമ്പോള്‍ കഷ്ടപ്പാടും നിരാശയും ആയിരുന്നില്ല. എന്നെപ്പോലെ നിരവധി പേരുണ്ട്. നിരപരാധികളായിട്ടും പ്രതികളുമായിട്ടുള്ള പലരാജ്യക്കാരുണ്ട്. സങ്കടങ്ങള്‍ പങ്കുവെയ്ക്കും. 28 വര്‍ഷം വരെയായി ജയിലില്‍ കിടക്കുന്നവരുണ്ട്. മലയാളികളില്‍ പത്തനംതിട്ട സ്വദേശി അവിടെയുണ്ട്. എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു. ജയിലിന്റെ പ്രതീതി പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. കുടുംബത്തെയായിരുന്നു ഏറ്റവും മിസ് ചെയ്തത്. ഫോണ്‍ വിളിക്കാന്‍ കൊലപാതകക്കേസ് പ്രതികള്‍ക്ക് 14 മിനിറ്റാണ് സമയം. നാല് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റുകേസുകളില്‍പ്പെട്ടവര്‍ക്ക് 10 മണിക്കൂര്‍ വരെ വിളിക്കാം’, എന്നും അബ്ദുല്‍ റഹീം പറഞ്ഞു. നാടൊക്കെ ഒരുപാട് മാറി. പൊതുവിവരങ്ങളൊക്കെ അറിഞ്ഞത് കുറവാണ്. നാടും റോഡുമെല്ലാം മാറി. വിദേശത്തെ റോഡ് പോലെ തന്നെയുണ്ടെന്നും റഹീം പറയുന്നു.

സ്‌പോണ്‍സറായ സഊദി പൗരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 2006 ഡിസംബര്‍ 24നായിരുന്നു റഹീം റിയാദിനെ ഇസ്‌കാനിലെ ജയിലിലാകുന്നത്. ഇതിന്റെ പശ്ചാത്തലവും റഹീം ഓര്‍ത്തെടുത്തു. സ്‌പോണ്‍സറുടെ ആരോഗ്യപ്രശ്‌നമുള്ള മകന്‍ അനസിന്റെ ശരീരത്തില്‍ ഘടിപ്പിച്ച യന്ത്രത്തില്‍ റഹീമിന്റെ കൈ തട്ടുകയും ബോധരഹിതനായ കുട്ടി മരണപ്പെടുകയുമായിരുന്നു. ‘അവന്റെ പ്രതികരണത്തില്‍ നിന്നും സിഗ്നല്‍ കട്ട് ചെയ്യണം എന്നാണ് പറഞ്ഞതെന്നാണ് മനസ്സിലായത്. ദേഷ്യത്തിലായിരുന്നു അവന്‍. ഭാഷ മനസ്സിലാക്കാന്‍ കുറച്ച് പ്രശ്‌നമായിരുന്നു. വണ്ടി മുന്നോട്ട് എടുക്കാതെ വന്നതോടെ തുപ്പുകയായിരുന്നു. കൈവീശിയത് മുഖത്താണെങ്കിലും കൊണ്ടത് കഴുത്തിലായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അവിടുത്തെ നിയമത്തിന് മുന്നില്‍ ഞാന്‍ കുറ്റവാളിയായിരുന്നു ഇത്രയും കാലം. കോടതി വിളിക്കുമ്പോള്‍ അവരുടെ അച്ഛനോ സഹോദനോ ഹാജരാകും. അപ്പോള്‍ മാത്രമാണ് അവരെ കണ്ടത്. പിന്നീട് വക്കീല്‍ ആയിരുന്നു കാര്യങ്ങള്‍ നീക്കിയത്’, റഹീം പറയുന്നു.  ഇനി മുന്നോട്ടുള്ള നീക്കങ്ങള്‍ എല്ലാവരുമായി ആലോചിച്ച് ചെയ്യണം. സന്തോഷത്തില്‍ ജീവിക്കാനുള്ള സാഹചര്യം ദൈവം തരട്ടെ. പെരുന്നാള്‍ വലിയ പെരുന്നാളായെന്ന് അബ്ദുല്‍ റഹീമിന്റെ ഉമ്മയും പ്രതികരിച്ചു.

2006 നവംബര്‍ 28നായിരുന്നു ഡ്രൈവര്‍ ജോലിക്കായി അബ്ദുല്‍ റഹീം റിയാദില്‍ എത്തിയത്. അറസ്റ്റിലാകുമ്പോള്‍ 26 വയസ്സായിരുന്നു പ്രായം. കേസില്‍ 2012ല്‍ റഹീമിന് കോടതി വധശിക്ഷ വിധിച്ചു. വധശിക്ഷ വിധിക്കപ്പെട്ട് 18 വര്‍ഷം പിന്നിട്ടപ്പോഴാണ് 34.35കോടി രൂപ ദിയാധനം സ്വീകരിച്ച് സഊദി കുടുംബം മാപ്പ് നല്‍കാന്‍ തീരുമാനിച്ചത്. 2024 ജൂലൈ രണ്ടിനാണ് വധശിക്ഷ റദ്ദാക്കി വിധിയുണ്ടായുണ്ടായത്. എന്നാല്‍ 20 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version