ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്; ഡ്രോണുകൾ വെടിവച്ചിട്ടു

1 Min Read

വാഷിങ്ടൻ: ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണനീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ പറഞ്ഞു. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു.

അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന താവളത്തിന് നേരെ ആക്രമണം നടത്തിയതായും യുഎസ് ഉദ്യോഗസ്ഥർ അസോഷ്യേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

തിങ്കളാഴ്ച തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കും നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതോടെ, യുഎസ്–ഇറാൻ ചർച്ചകൾ കൂടുതൽ സങ്കീർണമായി. ആഴ്ചകൾ നീണ്ട വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ തങ്ങൾ സൈനിക നടപടിക്ക് മുതിർന്നിരുന്നില്ലെന്ന് യുഎസ് അവകാശപ്പെട്ടു. ആക്രമണം വിശ്വാസവഞ്ചനയുടെ ലക്ഷണമാണെന്ന് ഇറാൻ പറഞ്ഞു. 

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍‍‍‍ഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി നടക്കുന്ന ചർച്ചകളെക്കുറിച്ച് സംസാരിക്കവേ ഒമാന് കർശനമായ മുന്നറിയിപ്പ് നൽകുകയായിരുന്നു ട്രംപ്.

‘‘ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണം. ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ട ഒന്നല്ല ഹോർമുസ്. രാജ്യാന്തര ജലപാതയാണിത്. ഞങ്ങളതിൽ നിരീക്ഷണം നടത്തും. പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല’’ – ട്രംപ് പറഞ്ഞു. ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‘‘ഒമാന് ഇതിന്റെ നിയന്ത്രണം വേണം. എന്നാൽ ആർക്കും അത് നൽകില്ല. രാജ്യാന്തര ജലപാതയാണ്. ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണം. അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരും’’ – ട്രംപ് വിശദീകരിച്ചു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version