അബ്ദുൽ റഹീം ജന്മനാട്ടിൽ; കരിപ്പൂരിൽ വൻ സ്വീകരണം

1 Min Read

കോഴിക്കോട്: വധശിക്ഷാ കേസിൽ നിന്നും മോചനം നേടിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം നാട്ടിൽ എത്തി. സൗദി സമയം രാത്രി 11.55-ന് റിയാദിൽ നിന്നും പുറപ്പെട്ട IAX 322 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടെത്തിയത്.

രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി. സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഇന്നലെ ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കൂടെയുണ്ടായിരുന്നു.

റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്. റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. സ്വീകരിക്കാൻ ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവരും വിമാനത്താവളത്തിൽ എത്തി.

2006 ൽ സൗദിയിൽ വെച്ച് നടന്ന കൊലപാതകത്തിൽ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസിൽ 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്. റഹീമിൻ്റെ ശിക്ഷാ കാലാവധി ഈ മാസം 20ന് അവസാനിച്ചിരുന്നു. പിന്നീട് 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version