ലക്നൗ: മതിയായ മെഡിക്കൽ തെളിവുകളുടെ പിൻബലത്തോടെ ഭാര്യ ഭർത്താവിനെ ‘ലൈംഗികശേഷിയില്ലാത്തവൻ’ എന്ന് വിളിച്ചത് അപകീർത്തിക്കേസിന്റെ പരിധിയിൽ വരില്ലെന്ന് അലഹബാദ് ഹൈക്കോടതി.
ഭർത്താവ് നൽകിയ അപകീർത്തിക്കേസിൽ ഭാര്യയ്‌ക്കെതിരെ വിചാരണക്കോടതി പുറപ്പെടുവിച്ച സമൻസ് ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. യുവതി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് അച്ചൽ സച്ച്ദേവ് അടങ്ങിയ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭർത്താവിനെ ഉപദ്രവിക്കണമെന്ന ദുരുദ്ദേശത്തോടെയല്ല, മറിച്ച് സദുദ്ദേശത്തോടെയാണ് യുവതി ഈ പരാമർശം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കൃത്യമായി പരിശോധിക്കാതെയാണ് വിചാരണക്കോടതി സമൻസ് അയച്ചതെന്നും, ഭർത്താവിന്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ഭാര്യയുടെ വാദങ്ങളെ ശരിവയ്ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഗൊരഖ്പൂർ അഡീഷണൽ സിവിൽ ജഡ്ജി ഐപിസി 500 (അപകീർത്തിപ്പെടുത്തൽ) പ്രകാരം തനിക്കെതിരെ പുറപ്പെടുവിച്ച സമൻസിനെ ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
2022 നവംബർ 25നായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഭർത്താവിന്റെ ശാരീരികമായ പ്രശ്നത്തിനിടയിലും തങ്ങളുടെ വിവാഹബന്ധം വേർപെടുത്താനാകാത്ത വിധം തുടർന്നു എന്ന് കാണിച്ച് രണ്ട് വർഷത്തിനു ശേഷം യുവതി ഗാർഹിക പീഡന നിയമപ്രകാരം നടപടികൾ ആരംഭിച്ചു. ഇതിന് പുറമെ സ്ത്രീധന പീഡനത്തിനും ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് ഫയൽ ചെയ്തു.
ഇതിന് മറുപടിയായാണ് ഭാര്യ തന്നെ ലൈംഗികശേഷിയില്ലാത്തവൻ എന്ന് വിളിച്ച് സമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഭർത്താവ് പരാതി നൽകിയത്. സ്ത്രീധന പീഡനക്കേസുകൾ പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനാണ് ഭർത്താവ് ഈ അപകീർത്തിക്കേസ് നൽകിയതെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന് 2024 ഡിസംബർ 21നാണ് വിചാരണക്കോടതി ഭാര്യയ്ക്ക് സമൻസ് അയച്ചത്.
വ്യക്തമായ മെഡിക്കൽ തെളിവുകളില്ലാതെ ഒരു പുരുഷനെ പൊതുവേദിയിൽ വെച്ച് ലൈംഗികശേഷിയില്ലാത്തവൻ എന്ന് വിളിക്കുന്നത് പ്രഥമദൃഷ്ട്യാ അപകീർത്തികരമാണ്. എന്നാൽ, ഇത്തരം ആരോപണങ്ങൾ സദുദ്ദേശത്തോടെയോ, സാധുവായ ഒരു പരാതിയുടെ ഭാഗമായോ, നിയമനടപടിയുടെ ഭാഗമായോ ഒരു ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്നിൽ ഉന്നയിക്കുകയാണെങ്കിൽ അതിന് പരിരക്ഷ ലഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുവതി വിവാഹമോചന ഹർജിയും സമർപ്പിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
