പെരുന്നാൾ, ഇരട്ടി തിരക്ക്, അതേ സർവീസ്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു

1 Min Read

മസ്‌കത്ത്∙ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജൂണ്‍, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. ഒമാനില്‍ വേനലവധിക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, എത്തിയ പുതുക്കിയ ഷെഡ്യൂളിലും സര്‍വീസുകളില്‍ വര്‍ധനവില്ലാത്തത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. അവധിക്കാലത്തെ വന്‍ തിരക്ക് കണക്കിലെടുത്ത് സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നത്.

മസ്‌കത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പഴയപടി തന്നെ തുടരും. മസ്‌കത്ത് – കോഴിക്കോട്, കണ്ണൂര്‍ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും കൊച്ചി, തിരുവനന്തപുരം റൂട്ടില്‍ നാല് സര്‍വീസുകള്‍ വീതവും നടത്തും. എന്നാല്‍, സ്‌കൂളുകള്‍ അടയ്ക്കുന്ന ജൂണ്‍ മാസത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നിരിക്കെ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കമ്പനി തയാറാകാത്തത് പ്രവാസി കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കും. സര്‍വീസുകള്‍ കുറഞ്ഞതിനാല്‍ ഉയര്‍ന്ന നിരക്ക് നല്‍കി ടിക്കറ്റെടുക്കേണ്ട അവസ്ഥയാണ് നിലവില്‍.

അതേസമയം, മസ്‌കത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിലനിര്‍ത്തിയെങ്കിലും സലാല സെക്ടറിനെ പുതിയ ഷെഡ്യൂളിലും തഴഞ്ഞു. സലാലയില്‍ നിന്നുള്ള കൊച്ചി, കോഴിക്കോട് സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ കമ്പനി തയാറായിട്ടില്ല. പുതിയ ഷെഡ്യൂളിലും സലാലയെ അവഗണിച്ചതോടെ വിമാന കമ്പനിയുടെ നടപടിക്കെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version