വിജയിക്ക് ആഭ്യന്തരം ഉൾപ്പെടെ മൂന്ന് വകുപ്പുകൾ; തമിഴ്‍നാട്ടിൽ വകുപ്പുവിഭജനം പൂർത്തിയായി

2 Min Read

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി ജോസഫ് വിജയ് പൊതുഭരണം, ആഭ്യന്തരം (പൊലീസ്), വനിതാ-യുവജന ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി സ്ഥാനമേറ്റ് ഒരു ആഴ്ചയ്ക്ക് ശേഷമാണ് വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായത്.

മുഖ്യമന്ത്രിയുടെ സെക്രട്ടറി പി. സെന്തിൽകുമാർ ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ ശിപാർശപ്പട്ടിക കൈമാറുകയായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി നഗരസഭ-തദ്ദേശ ഭരണ വകുപ്പുകൾ കൂടി തന്റെ കീഴിൽ നിലനിർത്തുന്നത് എന്ന പ്രത്യേകതയും ഈ വകുപ്പുവിഭജനത്തിനുണ്ട്.

മുഖ്യമന്ത്രി ജോസഫ് വിജയ് തന്നെയാണ് ആഭ്യന്തര വകുപ്പും പൊതുഭരണവും കൈകാര്യം ചെയ്യുന്നത്. പൊലീസ്, പൊതുഭരണം, വനിതാ-യുവജന ക്ഷേമം, നഗരസഭ ഭരണവിഭാഗം, അർബൻ & വാട്ടർ സപ്ലൈ, സ്പെഷ്യൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി തന്റെ പക്കൽ തന്നെ നിലനിർത്തിയിരിക്കുകയാണ്.

മന്ത്രിസഭയിലെ രണ്ടാമനായി കണക്കാക്കപ്പെടുന്ന എൻ. ആനന്ദിന് ഗ്രാമീണ വികസന, ജലവിഭവ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. പഞ്ചായത്തുകൾ, ദാരിദ്ര്യനിർമാർജനം, ഗ്രാമീണ കടാശ്വാസം, ചെറുകിട ജലസേചനം ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾ എന്നിവയും ആനന്ദിന്റെ കീഴിലായിരിക്കും.

മുതിർന്ന മന്ത്രിസഭാംഗമായ കെ.എ. സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പിന്റെ ചുമതല. ധനകാര്യം, പെൻഷൻ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അദ്ദേഹം നിയന്ത്രിക്കും. ആർ. നിർമൽകുമാറിന് ഊർജ-നിയമ വകുപ്പുകളാണ് നൽകിയിട്ടുള്ളത്. വൈദ്യുതി, ഊർജ വികസനം, നിയമം, കോടതികൾ, ജയിലുകൾ, അഴിമതി നിരോധനം, നിയമസഭ, ഗവർണർ, തെരഞ്ഞെടുപ്പ്, പാസ്‌പോർട്ട് എന്നിവ നിർമൽകുമാറിന്റെ കീഴിൽ വരുന്ന വകുപ്പുകളാണ്.

വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി എസ്. കീർത്തനയെ നിയമിച്ചു. പൊതുമരാമത്ത്, കായിക വികസന വകുപ്പുകളാണ് ആദവ് അർജുനയ്ക്ക് നൽകിയിരിക്കുന്നത്. കെട്ടിടങ്ങൾ, ഹൈവേകൾ, ചെറുകിട തുറമുഖങ്ങൾ, കായിക വികസനം എന്നിവ അദ്ദേഹം മേൽനോട്ടം വഹിക്കും. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി കെ.ജി. അരുൺരാജ് ചുമതലയേൽക്കുമ്പോൾ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണം, വിലനിയന്ത്രണം എന്നിവയടങ്ങുന്ന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പി. വെങ്കട്ടരമണന് നൽകി.

സ്കൂൾ വിദ്യാഭ്യാസം, തമിഴ് വികസനം, വിവര-പൊതുജനസമ്പർക്കം എന്നീ വകുപ്പുകൾ രാജ്മോഹൻ കൈകാര്യം ചെയ്യും. സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ പുരാവസ്തു വകുപ്പ്, തമിഴ് ഔദ്യോഗിക ഭാഷാ-സാംസ്കാരിക വകുപ്പ്, ഫിലിം ടെക്നോളജി, സ്റ്റേഷനറി & പ്രിന്റിങ് എന്നിവയും രാജ്മോഹന്റെ കീഴിലാണ്. പ്രകൃതിവിഭവ വകുപ്പിന്റെ ചുമതല ലഭിച്ച ഡോ. കെ.ജി. പ്രഭു ഖനികളും ധാതുക്കളും സംബന്ധിച്ച കാര്യങ്ങൾക്ക് നേതൃത്വം നൽകും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version