ഗാന്ധിനഗർ: വീട്ടുവാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്യാൻ വീട്ടുടമസ്ഥനുമായി കരാറുണ്ടാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിലാണ് സംഭവം.
സുരേന്ദ്രനഗർ സ്വദേശികളായ കുടുംബം ഉപജീവനമാർഗം തേടിയാണ് ആറു മാസം മുൻപ് മോർബിയിലേക്ക് താമസം മാറിയതെന്ന് പൊലീസ് പറയുന്നു. പ്രതിമാസം 2,000 രൂപ വാടകയുള്ള ഒരു മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ നാല് മാസത്തെ വാടക കുടിശ്ശികയായി.
ഈ സാഹചര്യത്തിലാണ് വാടകയ്ക്ക് പകരമായി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിക്കാൻ വീട്ടുടമസ്ഥനുമായി ഇയാൾ കരാറുണ്ടാക്കിയത്. ഭാര്യയുടെ അമ്മ ഇക്കാര്യം അറിഞ്ഞതോടെ അവർ മോർബി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോക്‌സോ നിയമം ഉൾപ്പെടെയുള്ള കർശനമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
പെൺകുട്ടിയുടെ പിതാവിനെയും വീട്ടുടമസ്ഥനെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവും വീട്ടുടമസ്ഥനും ചേർന്നാണ് ഈ പീഡനം ആസൂത്രണം ചെയ്തതെന്നു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.എം. ലാൽ പറഞ്ഞു. കുറ്റകൃത്യത്തിൽ പങ്കാളിയായ മൂന്നാമതൊരു വ്യക്തിക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
