‘സുരക്ഷാ സന്നാഹങ്ങൾ വേണ്ട, ഒരു പൈലറ്റ് വാഹനം മതി, റോഡ് ബ്ലോക്ക് ചെയ്യരുത്’: നി‍ർദേശം നൽകി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

1 Min Read

തിരുവനന്തപുരം: എസ്കോർട്ട് സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്ന് അറിയിച്ച് കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നിലവിലെ സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്നും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഓരോന്ന് വീതം മതിയെന്നുമാണ് അദ്ദേഹം അറിയിച്ചത്.

വാഹനവ്യൂഹത്തിൽ ആകെ മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളൂവെന്ന നിർദേശമാണ് നൽകിയത്. തന്റെ സഞ്ചാരത്തിനായി പൊതുജനങ്ങളെ വഴിയിൽ തടയുന്ന രീതി ഒഴിവാക്കണമെന്നാണ് വി ഡി സതീശന്‍റെ നിർദേശം. പ്രോട്ടോകോൾ അനുസരിച്ച് എസ്കോർട്ട് വാഹനം കൂടി ഉപയോഗിക്കണമെന്ന് നേരത്തെ ആഭ്യന്തരവകുപ്പ് വി ഡി സതീശനെ അറിയിച്ചിരുന്നു. ഇത് ഒഴിവാക്കാൻ ആവില്ലെന്നായിരുന്നു ഡിജിപി അറിയിച്ചത്. ഇതിന് മറുപടിയായിട്ടാണ് തനിക്ക് സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്ന് വി ഡി അറിയിച്ചത്.

അതേസമയം മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിലും സുരക്ഷ പൂർണ്ണമായി ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ഡിജിപി. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ നിശ്ചയിക്കുന്നത്. എങ്കിലും, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ പ്രോട്ടോക്കോൾ പോലീസ് തയ്യാറാക്കും.

അതേസമയം, മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്. ലോക്ഭവനിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറിയിരുന്നു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തുമണിക്കും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ചയുമുണ്ടാകും. തിങ്കളാഴ്ചയ്ക്ക് മുമ്പായി മന്ത്രിമാരെ തീരുമാനിക്കുമെന്നും കോൺ​ഗ്രസ് വ്യക്തമാക്കിയിരുന്നു. അതുവരെ എന്‍ ശക്തന്‍ പ്രോട്ടേം സ്പീക്കര്‍ ആയി തുടരും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version