കപ്പൽ ആക്രമണം: ഇന്ത്യയ്ക്ക് ഐക്യദാർഢ്യവുമായി യുഎഇ; രാജ്യാന്തര കപ്പൽപ്പാതകൾക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

1 Min Read

അബുദാബി: ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച കപ്പലിനു നേരെ ഉണ്ടായ ഭീകരാക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആഗോള സമുദ്ര ഗതാഗതത്തിനും മേഖലയുടെ സുസ്ഥിരതയ്ക്കും ഗുരുതരമായ വെല്ലുവിളിയാണ് ഇത്തരം നീക്കങ്ങളെന്ന് യുഎഇ ഭരണകൂടം ചൂണ്ടിക്കാട്ടി.

സുപ്രധാനമായ കപ്പൽപ്പാതകളിലെ സമാധാനം തകർക്കാനും ലോകവ്യാപകമായ ചരക്കുനീക്കം തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അപകടകരമായ നീക്കമാണ് നടന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭയുടെ 2817-ാം നമ്പർ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് യുഎഇ വ്യക്തമാക്കി. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും രാജ്യാന്തര കപ്പൽപ്പാതകൾ തടസ്സപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല.

ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് സമ്മർദ തന്ത്രങ്ങൾ പയറ്റുന്നതും സാമ്പത്തിക ബ്ലാക്മെയിലിങ് നടത്തുന്നതും കടൽക്കൊള്ളയ്ക്ക് സമാനമായ നടപടിയാണെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. ഇത് മേഖലയുടെ സുരക്ഷയെയും ആഗോള ഊർജ ഭദ്രതയെയും നേരിട്ട് ബാധിക്കും.

ഇന്ത്യയോടുള്ള പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ, ഇന്ത്യൻ കപ്പലുകളുടെയും താല്പര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ചു. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യാന്തര സമൂഹം ജാഗ്രത പാലിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version