മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല പുതുക്കുടി വീട്ടില്‍ അലിയുടെ മകന്‍ റഹീസ് (20), ആലിക്ക പറമ്പില്‍ വീട്ടില്‍ അസീസിന്റെ മകന്‍ സിയാദ് (18), കൂരിമണ്ണില്‍ പുത്തന്‍വീട്ടില്‍ സെയ്തലവിയുടെ മകന്‍ ബഹാസ് (18), നിസാറിന്റെ മകന്‍ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷന്‍ (20), ഇഷ്താഹ് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മിന്നലേറ്റയുടനെ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും നാലുപേര്‍ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഒരാളെ പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തി.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നടുക്കിയ വൻ ദുരന്തം നടന്നത്. 7 പേർക്കാണ് ഇടിമിന്നലേറ്റത്. പരുക്കേറ്റ മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. വിദ്യാർഥികൾ പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്.
നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മലപ്പുറം ജില്ലയിൽ ഇന്ന് വൈകുന്നേരം മുതൽ കനത്ത മഴയാണ് പെയ്യുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസർകോഡ്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
‘ഏറെ ഹൃദയവേദനയോടെ, ആദരാഞ്ജലികൾ’; കെ സി വേണുഗോപാൽ
ആലപ്പുഴ: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അത്യന്തം വേദനാജനകമായ സംഭവമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭാവി തലമുറയ്ക്ക് മാതൃകയാകേണ്ടിയിരുന്ന ഒരു നാടിനും ആ കുടുംബങ്ങള്‍ക്കും മാതൃകയായും അഭിമാനമായും മാറേണ്ടിയിരുന്ന ചെറുപ്പക്കാരുടെ കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ലെന്നറിയാമെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ആ കുടുംബത്തോടൊപ്പം നമുക്ക് ചേര്‍ന്നുനില്‍ക്കേണ്ടതുണ്ട്. അവരുടെ വേദനയില്‍ പങ്കുകൊള്ളേണ്ടതുണ്ട്. അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ റഹീസിന്റെയും വഹാസിന്റെയും സിയാദിന്റെയും ഫഹദിന്റെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക കാലവിളംബം ഏതുമില്ലാതെ നല്‍കാനുള്ള ഇടപെടല്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയാണ്. എല്ലാ നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തീകരിക്കണം. ഒപ്പം, പരിക്കേറ്റവര്‍ക്ക് എത്രയും വേഗത്തില്‍ തന്നെ മികച്ച ചികിത്സ ഉറപ്പുവരുത്തണം. എത്രയും വേഗം അവര്‍ സുഖം പ്രാപിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. ഏറെ ഹൃദയവേദനയോടെ, കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍’, കെ സി വേണുഗോപാല്‍ കുറിച്ചു.
4 കുട്ടികൾക്ക് ജീവൻ നഷ്ടമായത് സങ്കടകരം; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണം’: വി ഡി സതീശന്‍
കൊച്ചി: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് കുട്ടികള്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നാല് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായത് സങ്കടകരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.
‘പതിനെട്ടും ഇരുപതും വയസുള്ള കുട്ടികളാണ് മരിച്ചത്. അവരുടെ കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ഒന്നും ആ കുട്ടികള്‍ക്ക് പകരമാകില്ല. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’, അദ്ദേഹം പറഞ്ഞു. മങ്കടയിലെ കുരുങ്ങന്‍ചോല വ്യൂ പോയിന്റിലാണ് ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ മരിച്ചത്.
‘വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബങ്ങൾക്ക് ലഭിക്കട്ടെ’; രമേശ് ചെന്നിത്തല
മലപ്പുറം: മങ്കടയില്‍ മിന്നലേറ്റ് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് അറിഞ്ഞതന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ വലിയ വേര്‍പാട് താങ്ങാനുള്ള കരുത്ത് ആ കുടുംബങ്ങള്‍ക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മിന്നലേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റ് കുട്ടികള്‍ എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യത്തോടെ മടങ്ങിവരട്ടെ’, രമേശ് ചെന്നിത്തല പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
