ആരാകും മുഖ്യൻ; എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് കൈമാറും

2 Min Read

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലെത്തിയ എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് നിരീക്ഷകനായ മുകുൾ വാസ്നിക്കിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നാണ് റിപ്പോർട്ട് സമർപ്പിക്കുക.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എംഎൽമാർ നിർദേശിച്ച പേരുകളും എ.കെ. ആൻ്റണി അടക്കമുള്ള നേതാക്കളുടെ അഭിപ്രായങ്ങളും റിപ്പോർട്ടിൽ വിശദമായി ഉണ്ടാകും. നിരീക്ഷകരുടെ റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നടപടികളിലേക്ക് ഹൈക്കമാൻഡ് കടക്കും.

49 എംഎൽഎമാരാണ് പാർലിമൻ്ററി പാർട്ടി യോഗത്തിൽ കെ.എസി. വേണുഗോപാലിനു വേണ്ടി അണിനിരന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. തന്നെ വരണമെന്ന നിലപാടിൽ ഇവർ ഉറച്ച് നിന്നു. 35 പേരുടെ പിന്തുണയുണ്ട് എന്ന് ചൂണ്ടിക്കാട്ടി സതീശനും തൊട്ടു പിന്നാലെയുണ്ട്.

23 പേരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. ഭൂരിപക്ഷം എവിടെയാണോ അങ്ങോട്ടേക്ക് മറുകണ്ടം ചാടാനും ചില എംഎൽഎമാർ ശ്രമം നടത്തുന്നുണ്ട്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ പാർലമെൻ്ററി പാർട്ടി യോഗ തീരുമാനം അംഗീകരിക്കുന്ന കോൺഗ്രസിൻ്റെ കീഴ്വഴക്കം ഇവിടെയും തുടരണം എന്നാണ് ഭൂരിഭാഗം നേതാക്കളും അഭിപ്രായം. പാർലമെന്ററി പാർട്ടി യോഗത്തിന് എത്തുന്നതിനു മുൻപ് എംപിമാരുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തിയിരുന്നു.

കെ. സുധാകരൻ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കത്തും നൽകി. മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റു സ്ഥാനങ്ങൾ ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് വി.ഡി. സതീശൻ നിരീക്ഷകരെ അറിയിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം ഘടകകക്ഷികളും ആയി നിരീക്ഷകർ ചർച്ച നടത്തിയിരുന്നു.

പൊതുവികാരം മാനിക്കണം എന്ന നിലപാട് ആണ് ഘടകകക്ഷികൾ നിരീഷകരെ അറിയിച്ചത്. മുന്നണിയെ ഒറ്റക്കെട്ടായി നയിച്ചവരെ പരിഗണിക്കണം എന്ന നിലപാട് വി.ഡി. സതീശന് അനുകൂലമാണ്. കോൺഗ്രസ് ആരെ തീരുമാനിച്ചാലും അതിനൊപ്പം ആണെന്ന് ചില ഘടകകക്ഷികളും വ്യക്തമാക്കി.

ലീഗിൻ്റെ പിന്തുണയും വി.ഡി. സതീശനാണ് നാളെയോ മറ്റന്നാളോ റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് വി.ഡി. സതീശൻ രമേശ് ചെന്നിത്തല സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളെ ഡൽഹിക്ക് വിളിപ്പിക്കും. പതിനാറാം തീയതിക്ക് മുമ്പ് സത്യപ്രതിജ്ഞ നടത്താൻ ആകുമോ എന്നുള്ള കാര്യവും കോൺഗ്രസിന്റെ സജീവ പരിഗണനയിലാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ പരസ്യ പോരിലേക്ക് എത്തിക്കാതെ കൈകാര്യം ചെയ്യാനാണ് കോൺഗ്രസ് നീക്കം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version