തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യൻ, മാത്യു കുഴൽ നാടൻ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്. നിലവിൽ ഓരോ എംഎൽഎമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, 2021 ആവർത്തിക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിർദേശം. ഇക്കാര്യം എഐസിസി നിരീക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും 2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ആവർത്തിക്കരുതെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, മുഖ്യമന്ത്രിയ്ക്കായുള്ള പക്ഷം പിടിച്ചുള്ള പോസ്റ്ററുകൾ തെരുവിൽ നിറഞ്ഞു കഴിഞ്ഞു.
അതേസമയം, മുഖ്യമന്ത്രിപ്പോരിൽ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാനും എഐസിസി നിരീക്ഷകർ തീരുമാനിച്ചു. ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. ഇന്ന് വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക. ഇതിനായി ലീഗ് നേതാക്കളടക്കം തലസ്ഥാനത്തേക്ക് പുറപ്പെട്ടു. നേരത്തെ, വിഡി സതീശന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചർച്ചയായതോടെ മയപ്പെടുത്തിയിരുന്നു. അതിനിടെ സതീശന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജി രംഗത്തെത്തി.
കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം വൈകും
കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
