മുംബൈ: പുണെയിലെ ഭോറിൽ പീഡിപ്പിക്കപ്പെട്ട 4 വയസ്സുകാരിയെ കൊലപ്പെടുത്തിയതു ശ്വാസംമുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമാണു പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയുടെ തലയിൽ കല്ലുകൊണ്ട് അടിച്ചതിന്റെ മാരകമായ പരുക്കുകളും നെഞ്ചിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദനമേറ്റ പാടുകളുമുണ്ട്. അമ്മൂമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയ പെൺകുട്ടിയെ ഭക്ഷണം നൽകാമെന്നു പറഞ്ഞാണു പ്രതി കന്നുകാലിഷെഡിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചത്.
അറസ്റ്റിലായ ദിവസവേതന തൊഴിലാളി ഭീംറാവു കാംബ്ലിക്കെതിരെ 1998ൽ പീഡനക്കേസും 2015ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചതിനു പോക്സോ കേസും റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇയാളെ കോടതി വിട്ടയയ്ക്കുകയായിരുന്നു.
നീതി ഉറപ്പാക്കും: ഏക്നാഥ് ഷിൻഡെ
കുറ്റവാളിക്കു വധശിക്ഷ ലഭിക്കുന്നതുവരെ സർക്കാർ വിശ്രമിക്കില്ലെന്നും പെൺകുട്ടിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നും ഭോറിലെ ജനങ്ങളെ കണ്ട ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. പ്രതിക്കെതിരെ പഴുതുകളില്ലാത്ത നടപടിയെടുക്കാൻ ആവശ്യമായ എല്ലാ തെളിവുകളും ശേഖരിക്കാൻ താനും മുഖ്യമന്ത്രിയും പുണെ പൊലീസ് സൂപ്രണ്ടിനു നിർദേശം നൽകിയതായും അറിയിച്ചു. പ്രതിക്കു വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം നാട്ടുകാർ ഷിൻഡെക്കു സമർപ്പിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
