എണ്ണ വിപണിയിൽ ആധിപത്യം നിലനിർത്തും; ഉൽപ്പാദനം വർധിപ്പിക്കാൻ ഒപെക് പ്ലസ്

1 Min Read

മനാമ: യൂഎഇയുടെ പിന്മാറ്റത്തിന് പിന്നാലെ എണ്ണ വിപണിയിൽ ആധിപത്യം നിലനിർത്താൻ ലക്ഷ്യമിട്ട് ഒപെക് പ്ലസ് ഉൽപ്പാദനം വർധിപ്പിക്കുന്നു. ഞായറാഴ്‌ച ഓൺലൈൻ യോഗത്തിലാണ് സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള സഖ്യം ജൂണിലേക്ക് പ്രതിദിനം 1,88,000 ബാരൽ അധികമായി ഉൽപ്പാദിപ്പിക്കാൻ തീരുമാനിച്ചത്. ആഗോള വിപണിയിൽ എണ്ണവിലയും വിതരണവും സുസ്ഥിരമായി നിലനിർത്താനുള്ള കൂട്ടായ പ്രതിബദ്ധതയുടെ ഭാഗമായാണ് നീക്കമെന്ന് സഖ്യം വ്യക്തമാക്കി.

മെയ് ഒന്നിന് ഒപെക് സഖ്യത്തിൽനിന്ന് യുഎഇ ഔദ്യോഗികമായി പടിയിറങ്ങിയതിനു ശേഷം നടന്ന ആദ്യ സുപ്രധാന യോഗമായിരുന്നു ഇത്. ഒപെക് കയറ്റുമതിയുടെ 15 ശതമാനത്തോളം കൈകാര്യം ചെയ്‌തിരുന്ന യുഎഇയുടെ പിന്മാറ്റം സംഘടനയ്‌ക്ക്‌ വലിയ തിരിച്ചടിയാണെങ്കിലും ഉൽപ്പാദന വർധനവിലൂടെ വിപണിയിൽ സജീവമാകാനാണ് സൗദിയും റഷ്യയും ശ്രമിക്കുന്നത്.

ഒപെക് പ്ലസ് സഖ്യം കരുത്തുറ്റ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത് ഏഷ്യൻ രാജ്യങ്ങൾ പ്രതീക്ഷകളോടെയാണ് കാണുന്നത്. യുഎഇയുടെ പിന്മാറ്റം ആഗോള എണ്ണ വിപണിയിൽ അമേരിക്കൻ മേധാവിത്വത്തിന് വഴിതുറക്കുമെന്ന ആശങ്ക ശക്തമാണ്. എണ്ണവിലയിൽ കൃത്യമായ നിയന്ത്രണമില്ലാതായാൽ അത് ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളെയാകും ഏറ്റവും ദോഷകരമായി ബാധിക്കുക. ഇറക്കുമതി ചെലവ് കുത്തനെ ഉയരുന്നതും വിപണിയിലെ അസ്ഥിരതയും ഏഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റിക്കാൻ കാരണമാകും.

അതേസമയം ഇറാൻ അമേരിക്കയുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ കുറവുണ്ടായി. ഒരു ഘട്ടത്തിൽ അഞ്ച് ശതമാനത്തോളം വില ഇടിഞ്ഞെങ്കിലും പിന്നീട് ബ്രെന്റ് ക്രൂഡ് ബാരലിന് 101 ഡോളറിന് മുകളിൽ നിലയുറപ്പിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version