ജയിച്ചില്ലെങ്കിൽ യുഡിഎഫ് ഉലയും, പരാജയപ്പെട്ടാൽ ഒരു സംസ്ഥാനത്തും ഭരണമില്ലാതെ സിപിഎം

1 Min Read

തിരുവനന്തപുരം: ഉദ്വേഗം നിറഞ്ഞ 25 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ ജനവിധി നാളെ. തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫും ഭരണത്തുടർച്ച എന്ന പ്രതീക്ഷ വിടാതെ എൽഡിഎഫും സംസ്ഥാനത്തു വേരുറപ്പിച്ചു തുടങ്ങാമെന്ന പ്രത്യാശയോടെ ബിജെപിയും നാളത്തെ തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നു.

10 വർഷത്തിനു ശേഷം കേരളം മാറിച്ചിന്തിച്ചെന്ന വ്യക്തമായ സൂചന എക്സിറ്റ് പോളുകൾ കൂടി നൽകിയതോടെ പ്രതീക്ഷയുടെ കൊടുമുടിയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ എക്സിറ്റ് പോളുകൾ 80 പ്രവചിച്ച ശേഷം 99 സീറ്റുകൾ കിട്ടിയതിനാൽ ഇത്തവണ പ്രവചിക്കപ്പെട്ട 60 കടന്ന് വിജയസംഖ്യയിലെത്താൻ സാധ്യതയുണ്ടെന്ന വിശ്വാസത്തിലാണ് സിപിഎം. ഏതാനും സീറ്റുകളിൽ വിജയിക്കാനിടയുണ്ടെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിച്ചതിനാൽ ബിജെപിയും പ്രതീക്ഷയിലാണ്.

ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കനത്ത വിജയത്തിന്റെ സ്വാഭാവിക തുടർച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. 80–85 സീറ്റാണ് പാർട്ടി പ്രതീക്ഷിക്കുന്നത്; ഇടതുവിരുദ്ധ തരംഗം ഉണ്ടായാൽ 95 കടക്കുമെന്നും. 79–84 സീറ്റ് യുഡിഎഫ് നേടുമെന്നാണ് മുസ്‍ലിം ലീഗിന്റെ കണക്ക്. മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, വയനാട് ജില്ലകളിലാണ് മുന്നണിക്ക് കൂടുതൽ പ്രതീക്ഷ.

75 സീറ്റാണ് സിപിഎമ്മിന്റെ കണക്കിൽ; 61 സീറ്റുകളിൽ ഉറച്ച വിജയവും 14 സീറ്റിൽ മേൽക്കൈയും. നേരിയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് സിപിഐയുടെയും കണക്കുകൂട്ടൽ. തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, ആലപ്പുഴ, കാസർകോട് ജില്ലകൾ കൂടെനിൽക്കുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്.

നേമം, കഴക്കൂട്ടം, പാലക്കാട്, ചാത്തന്നൂർ സീറ്റുകളിൽ ബിജെപിക്കു പ്രതീക്ഷയുണ്ട്. 2021ൽ 12 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ 16–20 സീറ്റുകളിൽ മുന്നണികളിലൊന്നിനെ മൂന്നാം സ്ഥാനത്തേക്കു തള്ളാനാകുമെന്നു വിചാരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12.52% വോട്ട് നേടിയ ബിജെപി 15–16% വോട്ടിലേക്ക് ഉയർന്നാൽ ആരെയാകും ബാധിക്കുക എന്നത് മുന്നണികൾക്ക് നിർണായകം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version