‘ഇത് കാത്തിരുന്നു കിട്ടിയ ഭാഗ്യം’; ലക്ഷപ്രഭുക്കളായി മലയാളികൾ

2 Min Read

അബുദാബി: ഗൾഫ് പ്രവാസികളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ബിഗ് ടിക്കറ്റിന്റെ ഏപ്രിൽ മാസത്തെ പ്രതിവാര നറുക്കെടുപ്പിൽ മലയാളികൾക്ക് നേട്ടം. ഏപ്രിലിലെ അവസാന ഇ-നറുക്കെടുപ്പിൽ 25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തോളം രൂപ) വീതം സ്വന്തമാക്കിയ നാലുപേരും ഇന്ത്യക്കാരാണ്.

ഇതിൽ ഭൂരിഭാഗവും മലയാളികളാണെന്നത് പ്രവാസി ലോകത്തിന് ആവേശം പകരുന്നു. മേയിലേക്ക് കടക്കുമ്പോൾ 20 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 51 കോടിയിലേറെ രൂപ) ബംപർ സമ്മാനവുമായാണ് ബിഗ് ടിക്കറ്റ് പ്രവാസികളെ കാത്തിരിക്കുന്നത്.

∙ ലക്ഷപ്രഭുക്കളായ മലയാളികൾ
അബുദാബിയിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന മലയാളി മുഹമ്മദ് ഷഫീഖിന് ഇത് കാത്തിരുന്നു കിട്ടിയ ഭാഗ്യമാണ്. കഴിഞ്ഞ 18 വർഷമായി അബുദാബിയിലുള്ള ഷഫീഖ്  പതിറ്റാണ്ടായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്നു. ആദ്യമായി സമ്മാനം ലഭിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്ന് ഷഫീഖ് പറഞ്ഞു. നാട്ടിലെയും മറുനാട്ടിലെയും ബാധ്യതകൾ തീർക്കാൻ ഈ തുക വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

കഴിഞ്ഞ 40 വർഷമായി അബുദാബി പ്രവാസിയായ അബ്ദുൽ സത്താർ കമാലുദ്ദീനാണ് ഭാഗ്യം തുണച്ച മറ്റൊരു മലയാളി. 15 വർഷമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്ന ഇദ്ദേഹം ഇത്തവണ ഓൺലൈനായാണ് ഭാഗ്യം പരീക്ഷിച്ചത്. തനിക്ക് ലഭിച്ച സമ്മാനത്തുക തന്നോടൊപ്പം ടിക്കറ്റെടുത്ത 10 സുഹൃത്തുക്കൾക്കായി പങ്കുവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവാസലോകത്തെ കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും പ്രതീകമായി അബ്ദുൽ സത്താറിന്റെ വിജയം മാറി. ഓൺലൈൻ വഴി ടിക്കറ്റെടുത്ത അജേഷ് പെരിയക്കോട്ടിൽ ജോർജാണ് പട്ടികയിലെ മറ്റൊരു മലയാളി വിജയി.

ദുബായിൽ സ്റ്റോക്ക് കൺട്രോളറായ മുഹമ്മദ് സമീറും(33) 25,000 ദിർഹത്തിന്റെ സമ്മാനം സ്വന്തമാക്കി. കഴിഞ്ഞ 14 വർഷമായി ദുബായിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം ഒരു യാത്ര പോകാനാണ് ഈ തുക മാറ്റിവയ്ക്കുന്നത്. വർഷങ്ങളായി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുത്തിട്ടും തുണയ്ക്കാത്ത ഭാഗ്യം ഇത്തവണ ഒറ്റയ്ക്ക് പരീക്ഷിച്ചപ്പോൾ സമീറിനെ തേടിയെത്തുകയായിരുന്നു.   

കഴിഞ്ഞ 14 വർഷമായി ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സമീർ ഏട്ടു വർഷത്തോളമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. സാധാരണയായി സുഹൃത്തുക്കൾക്കൊപ്പം ഗ്രൂപ്പായി ടിക്കറ്റെടുക്കാറുള്ള സമീർ ഇത്തവണ ആ പതിവ് മാറ്റി ഒറ്റയ്ക്ക് ടിക്കറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ വിജയം. പ്രതിവാര നറുക്കെടുപ്പിനെക്കുറിച്ച് കൃത്യമായ ധാരണ പോലും എനിക്കുണ്ടായിരുന്നില്ല. വിളിക്കുമ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി- സമീർ തന്റെ സന്തോഷം പങ്കുവച്ചു. 

ഏപ്രിലിലെ പ്രതിവാര നറുക്കെടുപ്പുകൾ അവസാനിച്ചതോടെ മേയിൽ വമ്പൻ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 20 ദശലക്ഷം ദിർഹമാണ് (ഏകദേശം 45 കോടിയിലധികം രൂപ) മെയ് മാസത്തിലെ ബംപർ സമ്മാനം. ജൂൺ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെയാകും ഈ കോടീശ്വരനെ കണ്ടെത്തുക. ഇതിന് പുറമെ ‘ബിഗ് വിൻ’ ഉൾപ്പെടെയുള്ള വിവിധ സമ്മാന പദ്ധതികളും മേയിൽ സജീവമായിരിക്കും. ഭാഗ്യം കടാക്ഷിച്ചാൽ മലയാളികൾക്ക് വരും മാസങ്ങളിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ലോകം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version