സോഷ്യൽമീഡിയയിൽ സജീവം, 10000ത്തോളം ഫോളോവേഴ്സ്; ഒടുവിൽ അരുംകൊല

1 Min Read

പാറശാല: ചെങ്കൽ വ്ലാത്താങ്കരയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നിൽ സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗവും കാരണമായെന്ന് പൊലീസ്. വ്ലാത്താങ്കര ഗോപിനാഥ മന്ദിരത്തിൽ അൽമ (32) വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിന്റെ (36) കുറ്റസമ്മതത്തിൽ ഈ സൂചനയാണുള്ളത്.

വിവാഹത്തിനുശേഷം അൽമ സമൂഹമാധ്യമങ്ങളിൽ സജീവമായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എപ്പോഴും ഫോണിൽ സമയം ചെലവഴിക്കുന്നതിനെ വിഷ്ണു ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിൽ വിഷ്ണുവിന് ഭാര്യയെ സംശയമുണ്ടായിരുന്നു. ഫോൺ സൈബർ പരിശോധനയ്ക്കായി അയച്ചു.

ശനിയാഴ്ച രാത്രിയുണ്ടായ വഴക്കിനു തുടർച്ചയായി ഞായർ രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഞായർ രാവിലെ 9.30ന് വീട്ടിലെ കിടപ്പുമുറിയിൽ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടിയാണ് വിഷ്ണു അൽമയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പിഎസ്‌സി കോച്ചിങ് സെന്ററുകളിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്നു വിഷ്ണുനാഥ്.

വെള്ളറടയ്ക്കടുത്ത് അഞ്ചുമരങ്കാല സ്വദേശിനിയാണ് അൽമ. ഒൻപത് വർഷം മുൻപ് പ്രണയവിവാഹിതരായ ഇവർക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ഇതിന്റെ പേരിലും അസ്വാരസ്യമുണ്ടായിരുന്നു. പാറശാല പൊലീസ് അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ വിഷ്ണുനാഥിനെ റിമാൻഡ് ചെയ്തു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version