തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി വേനൽമഴ എത്തുന്നു. ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ സാഹച്ര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.
ഏപ്രിൽ 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും രണ്ടിന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. മുൻപ് ഏപ്രിൽ 29 മുതൽ മഴ ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും പുതുക്കിയ അറിയിപ്പ് പ്രകാരം ഒരു ദിവസം വൈകിയാണ് മഴ എത്തുന്നത്.
നിലവിൽ ഇന്നും നാളെയും സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെങ്കിലും, മറ്റന്നാൾ മുതൽ വിവിധയിടങ്ങളിൽ മഴ പെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നതിലാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

