മരിച്ചുപോയ സഹോദരിയുടെ പണം പിൻവലിക്കാനെത്തി; ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം ഹാജരാക്കി

1 Min Read

ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിൻവലിക്കാൻ അസ്ഥികൂടം ബാങ്കിൽ ഹാജരാക്കി വയോധികൻ. ഒഡിഷയിലെ ക്യോൻജർ ജില്ലയിലെ പട്ടാനയിലാണ് സംഭവം. ജീതു മുണ്ട എന്ന ആദിവാസി വയോധികനാണ് പണം വിട്ടുകിട്ടാനായി ‘കടുംകൈ’ ചെയ്യേണ്ടി വന്നത്.

ജീതുവിന്റെ സഹോദരി കൽറ മുണ്ടയ്ക്ക് പട്ടാനയിലെ മാലിപോസിയിലുള്ള ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്നു. ഈ വർഷം ജനുവരി 26ന് കൽറ മരിച്ചു. ഇതിനുശേഷം കൽറയുടെ അക്കൗണ്ടിലുണ്ടായിരുന്ന 20,000 രൂപ പിൻവലിക്കാൻ ജീതു ബാങ്കിനെ സമീപിച്ചിരുന്നു.

എന്നാൽ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ ജീതുവിനെ അറിയിച്ചു. സഹോദരി മരിച്ചെന്ന് ജീതു പറഞ്ഞിട്ടും അധികൃതർ കേൾക്കാൻ തയാറായില്ല. തുടർന്ന് പലതവണ ജീതു ബാങ്കിലെത്തിയെങ്കിലും അധികൃതർ ഇതേ മറുപടി ആവർത്തിച്ചു. ഒടുവിൽ സഹോദരിയുടെ അസ്ഥികൂടവുമായി ജീതു ബാങ്കിലെത്തുകയായിരുന്നു.

‘ഞാൻ ഒരുപാട് തവണ ബാങ്കിനെ സമീപിച്ചു. അക്കൗണ്ട് ഉടമ നേരിട്ടു വരണമെന്നാണ് അവിടുത്തെ ആളുകൾ പറഞ്ഞത്. സഹോദരി മരിച്ചുപോയെന്ന് പറഞ്ഞിട്ടും കേൾക്കാൻ തയാറാകാതെ അവർ നേരിട്ടു വന്നാലേ പണം നൽകൂയെന്ന് ബാങ്കുകാർ ആവർത്തിച്ചു. ഇതുകേട്ട് ദേഷ്യം വന്നതോടെ സഹോദരിയുടെ കുഴിമാടത്തിൽ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ തെളിവിനായി കൊണ്ടുവന്നതാണ്’–നിരക്ഷരനായ ജീതു മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, പണം പിൻവലിക്കാനുള്ള വ്യവസ്ഥകളെക്കുറിച്ചും നോമിനിയെക്കുറിച്ചും ജീതുവിനെ പറഞ്ഞു മനസ്സിലാക്കാൻ ബാങ്ക് അധികൃതർ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ലെന്ന് പട്ടാന പൊലീസ് ഇൻസ്പെക്ടർ കിരൺ പ്രസാദ് സാഹു പറഞ്ഞു. കൽറയുടെ നോമിനിയും മരിച്ചുപോയ സാഹചര്യത്തിൽ, ഏക അവകാശി എന്ന നിലയിൽ ജീതുവിന് പണം കൈമാറാനുള്ള നടപടികൾ ബാങ്കുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version