അത്താഴവിരുന്നിടെ വെടിവയ്പ്: ട്രംപിനെ ഒഴിപ്പിച്ചു, അക്രമി അറസ്റ്റിൽ

0
12

വാഷിങ്ടൻ: വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിടെ വെടിവയ്പ്. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സ്ഥലത്തുനിന്ന് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

5 മുതൽ 8 തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെയും സുരക്ഷിതരായി ഒഴിപ്പിച്ചിട്ടുണ്ട്. വേദിയുടെ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്.

‘പരിപാടി തുടരട്ടെ’ എന്ന് ട്രംപ്

സുരക്ഷാ ഉദ്യോഗസ്ഥരും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചതെന്ന് ഡോണൾഡ് ട്രംപ്. വെടിവയ്പ് സംഭവത്തിനുശേഷം ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. ‘വാഷിങ്ടൻ ഡിസിയിലെ വൈകുന്നേരം. സീക്രട്ട് സർവീസും സുരക്ഷാ ഉദ്യോഗസ്ഥരും മികച്ച പ്രവർത്തനം കാഴ്ചവച്ചു. അവർ പെട്ടെന്ന് ധൈര്യത്തോടെ പ്രവർത്തിച്ചു. വെടിവച്ചയാളെ പിടികൂടിയിട്ടുണ്ട്. പൊലീസിന്റെ നിർദേശപ്രകാരം പരിപാടി തുടരണമെന്നാണ് ഞാൻ പറയുന്നത്. ആ തീരുമാനം എന്തുതന്നെയായാലും, ഇന്നത്തെ വൈകുന്നേരം നേരത്തെ ആസൂത്രണം ചെയ്തതിൽനിന്ന് വ്യത്യസ്തമായിരിക്കും.’–ട്രംപ് കുറിച്ചു.
..