തീർഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമം; പ്രവാസി സഊദിയിൽ അറസ്റ്റിൽ

0
14

റിയാദ്: മതിയായ ഹജ് പെർമിറ്റില്ലാതെ തീർഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച വിദേശി സൗദി അറേബ്യയിൽ സുരക്ഷാ സേനയുടെ പിടിയിലായി. ആറുപേരെ നിയമവിരുദ്ധമായി പുണ്യനഗരത്തിൽ എത്തിക്കാൻ ശ്രമിച്ച മ്യാൻമർ സ്വദേശിയാണ് അറസ്റ്റിലായത്. നിയമലംഘകരെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സൗദി പൊലീസ് പുറത്തുവിട്ടു.

ഹൈവേയിൽ വാഹനം നിർത്തി റോഡരികിലെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന സംഘത്തെ കാറിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇടപെട്ടത്. അതിവേഗം വാഹനത്തിൽ കയറാൻ ശ്രമിച്ച സംഘത്തെ പിന്നാലെയെത്തിയ പൊലീസ് വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ കൃത്യമായ യാത്രാരേഖകളോ അനുമതി പത്രങ്ങളോ ഇല്ലെന്ന് ബോധ്യപ്പെട്ടു. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

ഹജ് തീർഥാടനം സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ഇത്തവണ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങളാണ് അധികൃതർ നടപ്പാക്കുന്നത്. ഈ മാസം 13 മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക അനുമതി പത്രം നിർബന്ധമാക്കിയിട്ടുണ്ട്. ഹജ് പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 സൗദി റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ, സന്ദർശക വീസയിലുള്ളവർക്ക് ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ് 14 വരെയുള്ള കാലയളവിൽ മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ തുടരുന്നതിനും കർശന വിലക്കുണ്ട്. നിയമലംഘകർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.