സ്കൂട്ടറിൽ നിന്നു സാധനങ്ങൾ എടുക്കാനെത്തി വിദ്യാർഥി, പാഞ്ഞടുത്ത് പാമ്പ്

0
14

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന് വിദ്യാർഥിക്കു നേരെ പാഞ്ഞടുത്ത് പാമ്പ്. വീട്ടുമുറ്റത്ത് നിർത്തിയ സ്കൂട്ടറിൽ നിന്നു സാധനങ്ങൾ എടുക്കാൻ ശ്രമിക്കുമ്പോഴാണ് അബ്ദുൽ റാനിഷ് എന്ന വിദ്യാർഥിക്കു നേരെ പാമ്പ് പാഞ്ഞടുത്തത്. 

വെള്ളിയാഴ്ച വൈകിട്ട് 4.45 ന് ആയിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നിൽ നിന്നെത്തിയ പാമ്പ് കുട്ടിയെ കൊത്താൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്കാണ് കടി കിട്ടാതെ വിദ്യാർഥി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനു പിന്നാലെ പാമ്പ് മറ്റൊരു വശത്തേക്ക് ഇഴഞ്ഞു മാറുകയായിരുന്നു. നാട്ടുകാരും മറ്റും പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായി‍ല്ല.

സിസിടിവി വിശദമായി പരിശോധിച്ചപ്പോൾ വൈകിട്ട് നാലരയോടെ ആണ് വീട്ടുമുറ്റത്തേക്ക് പാമ്പ് എത്തിയതെന്നു മനസ്സിലായി. വേനൽക്കാലമായതിനാൽ കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാനും മറ്റും ഇത്തരത്തിൽ വാഹനങ്ങൾക്കിടയിലും കോഴിക്കൂട്, തൊഴുത്ത് എന്നിവിടങ്ങളിലും വീടിനു പുറത്തിട്ട ചെരിപ്പുകൾ ഷൂ തുടങ്ങിയവയിലും പാമ്പുകൾ ഇടം തേടാൻ സാധ്യതയുണ്ടെന്നും അതിനാൽ ജനം ജാഗ്രത പാലിക്കണമെന്നുമാണ് വനം വകുപ്പ് കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്.