“പരസ്യപ്രസ്താവനകൾ വേണ്ട”; മുഖ്യമന്ത്രി ചർച്ച വിലക്കി കെപിസിസി

0
11

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. നിർദേശം ലംഘിച്ചും പ്രസ്താവനകൾ നടത്തിയാൽ അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം പ്രസ്താവനകൾ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും കർശനമായ നിർദേശം നൽകിയിരുന്നു. എന്നാൽ പ്രവർത്തകർ അത് മുഖവിലയ്‌ക്ക് എടുക്കാത്തതിനാലാണ് കർശന നിർദേശം നൽകാൻ കെപിസിസി നിർബന്ധിതമായതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടുള്ളതല്ലെന്നും അത്തരം പ്രസ്താവനകൾ അനുചിതമായതിനാൽ എല്ലാവരും അതിൽനിന്ന് മാറി നിൽക്കണമെന്നും അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കും.

ഇത്തരം പ്രസ്താവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടള്ളത്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും കർശനമായ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ അത് മുഖവിലയ്‌ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദേശം നൽകാൻ കെപിസിസി വീണ്ടും നിർബന്ധിതമായത്.

തെരഞ്ഞെടുപ്പിന് പിന്നാലെ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആണ് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് തുടക്കമിട്ടത്. കേരളാ മുഖ്യമന്ത്രി എറണാകുളത്തുകാരൻ ആകണമെന്നായിരുന്നു ഷിയാസ് അഭിപ്രായപ്രകടനം നടത്തിയത്. വി.ഡി. സതീശനിലേക്കായിരുന്നു ആ വിരൽ ചൂണ്ടിയത്. എന്നാൽ അതൊരു പ്രവർത്തകൻ്റെ ആഗ്രഹ പറഞ്ഞതാണെന്ന് ആയിരുന്നു നേതാക്കളുടെ പ്രതികരണം.

പിന്നാലെ വി.ഡി. സതീശനെയും രമേശ് ചെന്നിത്തലെയും കെ.സി. വേണുഗോപാലിനെയുമൊക്കെ പ്രകീർത്തിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. മുഖ്യമന്ത്രി ആകാൻ ഇവരിൽ ആർക്കും അയോഗ്യത ഇല്ലെന്ന് പറഞ്ഞ പ്രവർത്തകർ നേതാക്കന്മാരുടെ യോഗ്യതകൾ എടുത്തുകാണിച്ച് സോഷ്യൽ മീഡിയയിൽ പോര് തുടങ്ങി.

തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർക്കും മുഖ്യമന്ത്രിയാകാമെന്ന് മുതിർന്ന നേതാവ് അജയ് തറയിലിൻ്റെ പ്രതികരണം കെ.സി. വേണുഗോപാലിനെ ഉന്നംവച്ചിട്ടുള്ളതാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നു. അതേസമയം, കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരുമെന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണവും ചർച്ചകളിൽ ഇടംപിടിച്ചിരുന്നു.