കോഴിക്കോട്: മൂഴിക്കലിൽ പെൺകുട്ടിയെ കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. ഫോൺ കിണറ്റിലിട്ടത് അദിനാൻ തന്നെ എന്ന് പൊലീസ് കണ്ടെത്തൽ. പെണുകുട്ടിയുടെ ഫോണിൽ നിന്നും സുഹൃത്തിന് സന്ദേശം അയച്ചതും അദിനാൻ തന്നെയാണ്. കണ്ടെത്തിയ മൂന്ന് ഫോണുകളിൽ ഒന്ന് അദിനാന്റെയും രണ്ടെണ്ണം മരിച്ച പെൺകുട്ടിയുടെതാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ അദിനാൻ്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്. നസ്രീനയോട് അദിനാന് വൈരാഗ്യം ഉണ്ടായിരുന്നതായാണ് അന്വേഷണം സംഘത്തിന്റെ വിലയിരുത്തൽ.
ഏപ്രിൽ 14നാണ് ബന്ധുവായ പതിനാറുകാരിയെ 20കാരനായ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് പ്രതി ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് പെൺകുട്ടി മരിച്ചതെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയത്. തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. ശ്വാസംമുട്ടിയാണ് അദിനാനും മരിച്ചത് എന്ന് അദിനാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. സെല്ലോ ടേപ്പ് മൂക്കിലും വായിലും ചുറ്റിയ നിലയിലായിരുന്നു മൃതദേഹം.
അദിനാൻ സ്ഥിരം പ്രശ്നക്കാരനാണെന്നും ലഹരി ഉപയോഗവും മോഷണവും ശീലമാണെന്നും പൊലീസ് പറഞ്ഞിരുന്നു. നിരന്തരം കുഴപ്പങ്ങളുണ്ടാക്കിയതിനെ തുടർന്ന് നസ്രീനയുടെ വീട്ടിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. നസ്രീനയോടും കുടുംബത്തോടുമുള്ള വൈരാഗ്യമാണ് കൊല നടത്തിയതിന് കാരണമായി സംശയിക്കുന്നത്. കള്ളതാക്കോൽ ഉപയോഗിച്ചാണ് അദിനാൻ വീട്ടിൽ കയറിയതെന്ന് സംശയിക്കുന്നതായും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.




