ചർച്ചയ്ക്കില്ല; വഴങ്ങാതെ ഇറാൻ, നിലപാട് കടുപ്പിച്ച് ട്രംപ്

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎസിൻ്റെ ഭീഷണികൾക്ക് വഴങ്ങി ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫ്.

ഹോർമൂസിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതിൻ്റെ പശ്ചാത്തലത്തിലാണ് ഇറാൻ്റെ പ്രതികരണം. ഇസ്ലാമാബാദിൽ നടക്കുന്ന പുതിയ ഘട്ട ചർച്ചയിൽ പങ്കെടുക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസിൻ്റെ തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളാണ് മേഖലയിലെ നയതന്ത്ര ചർച്ചകൾക്ക് പ്രധാന തടസ്സമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്താകും ഭാവി നടപടികൾ തീരുമാനിക്കുന്നത് എന്നും അബ്ബാസ് അരാഗ്‌ചി അറിയിച്ചു.

അതേസമയം, ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ രാജ്യത്തെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കില്ലെന്നും ട്രംപ് അറിയിച്ചു. വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലേക്കുള്ള യാത്രയിലാണെന്നും പ്രസിഡൻ്റ് ട്രംപ് അറിയിച്ചു. ചർച്ചകൾ നടക്കില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകളും സജീവമായി തുടരുകയാണ്.