റിയാദ്: സഊദിയിൽ കനത്ത കാറ്റും മഴയും തുടരുന്നു. വിവിധയിടങ്ങളിൽ അതിശക്തമായ കാറ്റ് ആണ് അടിച്ചു വീശിയത്. മഴക്കിടെ ഖസിം-മദീന റോഡിൽ ഏഴ് ട്രക്കുകൾ തെന്നിമാറി അപകടം ഉണ്ടായി.ഇതിന്റെ വീഡിയോ സഊദി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. സുരക്ഷാ അധികൃതർ സംഭവത്തിൽ പ്രതികരിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഖസിം മേഖലയിലെ റിയാദ് അൽ-ഖബ്ര ഗവർണറേറ്റിൽ വൈദ്യുതി തൂണുകളും കാറ്റിൽ മറിഞ്ഞു വീണു.
ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണ സംഭവത്തെക്കുറിച്ച് തങ്ങളുടെ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് സഊദി എനർജി കമ്പനി അറിയിച്ചു. ശക്തമായ കാറ്റിനൊപ്പം കാലാവസ്ഥയും ബാധിച്ച പ്രദേശമാണിതെന്നും ഇത് നിരവധി വൈദ്യുതി തൂണുകളെ ബാധിച്ചുവെന്നും കമ്പനി കൂട്ടിച്ചേർത്തു. എങ്കിലും ആളുകൾക്ക് പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഈ സാഹചര്യം വൈദ്യുതി സേവനത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടില്ലെന്നും ബദൽ സ്രോതസ്സുകൾ ഉപയോഗിച്ചുവെന്നും കമ്പനി വ്യക്തമാക്കി.
അടിയന്തിര സാഹചര്യം പരിഹരിക്കുന്നതിനായി പ്രത്യേക സംഘങ്ങൾ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അത് പൂർണ്ണമായും സുരക്ഷിതമാക്കിയിട്ടുണ്ടെന്നും വൈദ്യുതി ഗ്രിഡിന്റെ സുരക്ഷയ്ക്കും സേവനത്തിന്റെ വിശ്വാസ്യതയ്ക്കും വേണ്ടിയുള്ള കമ്പനി പ്രതിബദ്ധത തുടരുന്നുണ്ടെന്നും സഊദി എനർജി കമ്പനി അറിയിച്ചു.
