സഊദിയിൽ വെള്ളിയാഴ്ച വരെ മഴയും കനത്ത കാറ്റും – സുരക്ഷ പാലിക്കാൻ മുന്നറിയിപ്പ്, സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

0
78

റിയാദ്: രാജ്യത്ത് അടുത്ത വെള്ളിയാഴ്ച വരെ വിവിധ പ്രവിശ്യകളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ മിതമായ മഴയും മറ്റിടങ്ങളില്‍ കനത്ത മഴയും വര്‍ഷിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ റിയാദ്, മക്ക, മദീന പ്രവിശ്യകളിലും, തെക്കന്‍ പ്രവിശ്യകളായ അസീര്‍, ജിസാന്‍, അല്‍ബാഹ എന്നിവിടങ്ങളിലും മഴ ഗണ്യമായി ശക്തിപ്രാപിക്കും. തലസ്ഥാനമായ റിയാദും റിയാദ് പ്രവിശ്യയില്‍ പെട്ട ദിരിയ, അല്‍ഖര്‍ജ്, ഖിദ്ദിയ എന്നിവയുള്‍പ്പെടെ ഏതാനും പ്രദേശങ്ങളിലും മഴ ലഭിക്കും.

കനത്ത മഴയോടനുബന്ധിച്ച് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ വേഗതയില്‍ പൊടിക്കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും മലവെള്ളപ്പാച്ചിലിനും തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും വളരെ കനത്ത മഴയുള്ള സന്ദര്‍ഭങ്ങളില്‍ ചുഴലിക്കാറ്റുകള്‍ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഔദ്യോഗിക വെബ്സൈറ്റിലൂടെയും അന്‍വാ ആപ്ലിക്കേഷനിലൂടെയും പ്രതീക്ഷിക്കുന്ന കാലാവസ്ഥയെ കുറിച്ച് നല്‍കുന്ന റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും പാലിക്കാനും മുന്‍കരുതലുകള്‍ എടുക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ദേശീയ കാലാവസ്ഥാ കേന്ദ്രം എല്ലാവരോടും അഭ്യര്‍ഥിച്ചു. സുരക്ഷാ അധികൃതർ സംഭവത്തിൽ പ്രതികരിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അല്‍ഖസീം, ഹായില്‍ പ്രവിശ്യകളിലെയും കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്തിനിലെയും റിയാദ് പ്രവിശ്യയില്‍ പെട്ട സുല്‍ഫി, അല്‍ഗാത്ത്, ശഖ്‌റാ, മജ്മ എന്നിവിടങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ക്ലാസുകള്‍ ഓണ്‍ലൈന്‍ രീതിയില്‍ നടക്കും.