വിരുദുനഗർ സ്ഫോടനം: മരണം 24 ആയി; നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല

0
11

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. മരിച്ചവരിൽ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു.

മധുര, തിരുനെൽവേലി എന്നീ മെഡിക്കൽ കോളേജുകളിൽ നിന്ന് ഉൾപ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റുമോർട്ടം നടപടികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. പോസ്റ്റുമോർട്ടം വേഗത്തിൽ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശം നൽകിയിരുന്നു.

സ്‌ഫോടനത്തിന് ഉത്തരവാദിയായ കെട്ടിടം ഉടമയ്ക്കെതിരെയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധസംഘം സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.

വിരുദുനഗറിന് സമീപമുള്ള പടക്ക നിർമാണ യൂണിറ്റിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു. പലരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്.

വനജ ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്ഫോടനം നടക്കുമ്പോൾ അമ്പതോളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.