യുഎസിൽ വെടിവെപ്പ്: എട്ടുകുട്ടികൾക്ക് ദാരുണാന്ത്യം; അക്രമിയെ വെടിവെച്ച് കൊന്നു

ഷ്രെവ്പോർട്ട്: യു.എസിലെ ലൂയിസിയാനയിൽ അക്രമി നടത്തിയ വെടിവെപ്പിൽ ഒന്നിനും 14-നുമിടയിൽ പ്രായമുള്ള എട്ടുകുട്ടികൾക്ക് ദാരുണാന്ത്യം.

രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊലയാളിയെ പോലീസ് പിന്തുടർന്ന് വെടിവെച്ചുകൊന്നു.

ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. തോക്കുമായെത്തി മൂന്ന് വീടുകൾ കയറിയിറങ്ങിയാണ് വെടിയുതിർത്തത്. അടുത്തടുത്തുള്ള രണ്ടുവീടുകളിൽക്കയറി വെടിവെച്ചശേഷമാണ് അല്പംമാറിയുള്ള മറ്റൊരു ­വീട്ടിലേക്ക് ഇയാളെത്തിയത്.

മരിച്ച കുട്ടികളിൽ ചിലർ ഇയാളുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ­യു.എസിലെ അയോവ സർവകലാശാലയ്ക്കുസമീപം നടന്ന മറ്റൊരു വെടിവെപ്പിൽ മൂന്ന് വിദ്യാർഥികളടക്കം അഞ്ചുപേർക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.