ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ ഉപരോധം നിലനിൽക്കെ ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകൾ പുറത്തേക്ക്

പാരിസ്: ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ ഉപരോധം നിലനിൽക്കെ, അഞ്ച് ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി മൂന്ന് ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ഉപരോധം പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്രയധികം എണ്ണയുമായി ഇറാനിയൻ കപ്പലുകൾ തന്ത്രപ്രധാനമായ ഈ ജലപാത കടക്കുന്നത്. കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ‘കെപ്ലർ’  എന്ന സ്ഥാപനമാണ് ഇന്ന്(വെള്ളി) ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയുടെ ഉപരോധപ്പട്ടികയിലുള്ള ഡീപ് സീ, സോണിയ 1, ഡിയോണ എന്നീ കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഏപ്രിൽ ആദ്യം ഇറാന്റെ ഖാർഗ് ദ്വീപിൽ നിന്ന് എണ്ണ നിറച്ച ഈ കപ്പലുകൾ ബുധനാഴ്ചയാണ് ജലപാത പിന്നിട്ടത്. അതേസമയം, യുഎഇയിൽ നിന്ന് അസംസ്കൃത എണ്ണയുമായി പാക്കിസ്ഥാൻ പതാകയേന്തിയ കപ്പലും ഹോർമുസ് കടലിടുക്ക് വഴി പുറത്തേക്ക് നീങ്ങി.

അബുദാബിയുടെ ‘ദാസ് ബ്ലെൻഡ്’ അസംസ്കൃത എണ്ണ വഹിക്കുന്ന ഷാലമർ എന്ന കപ്പൽ വ്യാഴാഴ്ചയാണ് ജലപാത പിന്നിട്ടത്. ഏകദേശം 4,40,000 ബാരൽ എണ്ണയുമായി നീങ്ങുന്ന ഈ കപ്പൽ  ഇൌ മാസം 19-ന് കറാച്ചി തുറമുഖത്ത് എത്തും. യുഎഇയിലെ അഡ്നോക്  ടെർമിനലിൽ നിന്നാണ് കപ്പലിൽ എണ്ണ നിറച്ചതെന്ന് പാക്കിസ്ഥാൻ പെട്രോളിയം മന്ത്രി സ്ഥിരീകരിച്ചു.

അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഈ ആഴ്ച മന്ദഗതിയിലായിരുന്നു. ഇറാനിലേക്ക് പോകുന്നതോ അവിടുത്തെ ചരക്കുകൾ വഹിക്കുന്നതോ ആയ കപ്പലുകളെ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള നടപടികൾ അമേരിക്കൻ നാവികസേന കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനിടെ 14 കപ്പലുകൾ അമേരിക്കയുടെ നിർദ്ദേശത്തെത്തുടർന്ന് യാത്ര റദ്ദാക്കി മടങ്ങിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കപ്പലുകൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.