ഹോർമുസിൽ പിടിമുറുക്കാൻ ഇറാൻ; ബദൽ നീക്കവുമായി 50 രാജ്യങ്ങൾ

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് താൽക്കാലികമായി തുറന്നെങ്കിലും ഗതാഗതത്തിന് ഇറാൻ ഉപാധികൾ വച്ചതായി സൂചന. വിവിധ രാജ്യങ്ങൾ മര വിപ്പിച്ച, ഇറാന്റെ സ്വത്ത് വിട്ടു നൽകുന്നതും ഇറാൻ സേനാ വിഭാഗമായ റവല്യൂഷണറി ഗാർഡിന്റെ സമ്മതത്തോടെ മാത്രം ഇതുവഴി കടന്നുപോകുന്നതും അതിൽപെടും.

സൈനിക കപ്പലുകൾക്കുള്ള നിരോധനം തുടരും. അതേസമയം, യുഎസിനും ഇസ്രയേലിനും പുറമേ കൂടുതൽ രാജ്യങ്ങൾ ഹോർമുസ് കടലിടുക്കിൽ സുരക്ഷിതയാത്ര ഉറപ്പാക്കാൻ നീക്കം തുടങ്ങി.

പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന സമാധാന നീക്കങ്ങൾക്കൊടുവിലാണ് ലബനനിലെ വെടിനിർത്തലും തുടർന്ന് ഇറാന്റെ പ്രഖ്യാപനവുമുണ്ടായത്. പാക്ക് സൈനികമേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം ടെഹ്റാനിൽ ഇറാൻ ഭരണനേതൃത്വവുമായി ചർച്ച തുടരുകയാണ്. യുഎസ്- ഇറാൻ ചർച്ചയുടെ അടുത്ത ഘട്ടം അടുത്തയാഴ്ച പാക്കിസ്ഥാനിൽ നടക്കും. 21നാണ് താൽക്കാലിക വെടിനിർത്തൽ അവസാനിക്കുന്നത്.

നയതന്ത്രനീക്കങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി അറേബ്യ, ഖത്തർ സന്ദർശനത്തിനു ശേഷം തുർക്കിയിലെത്തി. അദ്ദേഹം ഇന്ന് യുഎസ് പ്രതിനിധികളെ കാണും.

സംഘർഷം അവസാനിച്ചാൽ ഹോർമുസ് വഴിയുള്ള ഗതാഗതം സുഗമമവും സുരക്ഷിതവുമാക്കാൻ 50ൽ അധികം രാജ്യങ്ങൾക്ക് പങ്കാളിത്തമുള്ള ദൗത്യവുമാ യി മുന്നോട്ടുപോകുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയും പറഞ്ഞു. കടലിടുക്ക് സുരക്ഷിതമാക്കാനുള്ള ദൗത്യത്തിൽ സഹായിക്കാമെന്ന് നാറ്റോ യുഎസിനെ അറിയിച്ചെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായവാഗ്ദാനം നിരസിച്ചു. ജർമനിയും സഹായ സന്നദ്ധത അറിയിച്ചു.

ലബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചതായി ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കപ്പൽപാത തുറന്ന് ഇറാന്റെ പ്രഖ്യാപനമുണ്ടായത്. ലബനനിൽ ബോംബിടുന്നതിൽനിന്ന് ഇസ്രയേലിന് നിരോ ധനമേർപ്പെടുത്തിയതായി ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. യുഎസിന് സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ ഇറാൻ പാകിയ മൈനുകൾ യുഎസ് സഹായത്തോടെ ഇറാൻ തന്നെ നിർവീര്യമാക്കിയതായും ട്രംപ് പറഞ്ഞു.

ഇറാനുമായി ബന്ധമുള്ള കപ്പലുകളെ ഹോർമുസിനു പുറത്തും ലക്ഷ്യമിടുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. എണ്ണ, ലോഹങ്ങൾ എന്നിവയ്ക്കു പുറമേ സൈനികമായി ഉപയോഗിക്കാവുന്ന ഏതുതരം ഉൽപന്നവും കൊണ്ടുപോകുന്ന കപ്പലുകളെ ആക്രമിച്ചേക്കാം.