ഐപിഎല്ലിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ആർസിബിയും ജൈത്രയാത്ര തുടരാൻ സഞ്ജുവിൻ്റെ ചെന്നൈ സൂപ്പർ കിങ്‌സും ഇന്നിറങ്ങും. ആർസിബിക്ക് ഡൽഹിയും ചെന്നൈയ്ക്ക് ഹൈദരാബാദുമാണ് എതിരാളികൾ.
ജയം ശീലമാക്കി സ്വപ്നകിരീടം നേടിയതിന് ശേഷം ആഘോഷം അവസാനിപ്പിക്കാത്ത ആർസിബി. സീസണിൽ അഞ്ചിൽ നാലിലും ഉജ്വലജയം. ഹൈദരാബാദ്, ചെന്നൈ, മുംബൈ, ലഖ്നൗ. കരുത്തർ ഒന്നൊന്നായി ആർസിബിക്ക് മുന്നിൽ വീണു. രാജസ്ഥാനോട് മാത്രമാണ് സീസണിൽ തോറ്റത്. സ്വന്തം മണ്ണെന്നോ എതിരാളികളുടെ കൂടാരമെന്നോ വ്യത്യാസമില്ല വിരാട് കോഹ്ലിക്കും സംഘത്തിനും ഇന്ന് ചിന്നസ്വാമിയിൽ എതിരാളികൾ തുടർ തോൽവിയുമായെത്തുന്ന ഡൽഹി ക്യാപിറ്റൽസാണ്.
ബാറ്റിങ്ങിലും ബൗളിംഗിലും ഒരാശങ്കയുമില്ല ആർസിബിക്ക്. ബാറ്റിംഗിൽ 5 കളിയിൽ 228 റൺസടിച്ച് മുന്നിലുള്ള വിരാട് കോലിയിൽ തന്നെ പ്രതീക്ഷ. ക്യാപ്റ്റൻ രജത് പാട്ടിദറാകട്ടെ രണ്ട് അർധ സെഞ്ച്വറിയടക്കം അടിച്ചെടുത്തത് 222 റൺസ്. ഒരുകാലത്ത് ബൗളിംഗ് ആർസിബിക്ക് തലവേദനയായിരുന്നെങ്കിൽ ഇന്ന് ആർസിബി ബൗളർമാരാണ് ഏവരുടെയും പേടിസ്വപ്നം. ഭുവനേശ്വർ – ഹേസൽവുഡ് സഖ്യത്തിൻ്റെ പേസ് അറ്റാക്കിൽ തന്നെ പ്രതീക്ഷ. ഭുവനേശ്വർ, ക്രുനാൽ, ജേക്കബ്, ഹേസൽവുഡ്, റസീഖ് സാലം എല്ലാവരും ഫോമിലാണ്.
ആദ്യ രണ്ട് മത്സരവും ജയിച്ച് തുടങ്ങിയ ഡൽഹിക്ക് രണ്ട് തോൽവികൾ ഏൽപ്പിച്ചത് കടുത്ത ആഘാതമാണ്. കെ.എൽ. രാഹുലിൻ്റെ ചിന്നസ്വാമിയിലേക്കുള്ള വരവിലാണ് ടീമിൻ്റെ ആകെ പ്രതീക്ഷയും. ചിന്നസ്വാമിയിലും ബെംഗളൂരുവിനെതിരെയും രാഹുലിനുള്ളത് മികച്ച റെക്കോർഡ്. എന്നാൽ ഈ സീസണിൽ ചിന്നസ്വാമി ആർസിബിക്ക് നൽകിയത് സന്തോഷം മാത്രം. മൂന്നിൽ മൂന്നിലും ജയം.
ഇന്നത്തെ രണ്ടാം മത്സരത്തിൽ തുടർജയവുമായെത്തുന്ന ചെന്നൈ സൂപ്പർ കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. മത്സരിച്ച എല്ലാ എവേ മത്സരങ്ങളും തോറ്റാണ് ചെന്നൈ ഇത്തവണ ഹൈദരാബാദിലെത്തുന്നത്. ഇവിടെയാകട്ടെ അവസാന അഞ്ച് മത്സരങ്ങളിൽ ജയിക്കാനായത് ഒരേയൊരു മത്സരത്തിൽ മാത്രം. ബാറ്റിംഗിലെ വെടിക്കെട്ടിൽ തന്നെയാണ് ഇരുടീമിൻ്റെയും പ്രതീക്ഷ. സഞ്ജു സാംസൺ ഫോമിലെത്തിയതിൻ്റെ ആവേശത്തിനൊപ്പം ധോണി ടീമിനൊപ്പം ചേർന്നതിൻ്റെ ആഹ്ലാദവുമുണ്ട് ചെന്നൈ ആരാധകർക്ക്. എന്നാൽ ധോണി ഇന്ന് കളിക്കാനിറങ്ങില്ല.





