ഭര്‍ത്താവുമായി വഴക്കിട്ടു: നോട്ടുകെട്ടുകള്‍ ബാല്‍ക്കണിയിലൂടെ വലിച്ചെറിഞ്ഞ് യുവതി, വാരിക്കൂട്ടാനോടിയെത്തി കാഴ്ച്ചക്കാര്‍

1 Min Read
ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ കെട്ടിടത്തിന് മുകളില്‍നിന്ന് പണമഴ പെയ്യിച്ച ഒരു യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ചൈനയിലെ ഗുവാങ്‌ഡോങ്ങിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്. ഭര്‍ത്താവുമായുണ്ടായ കടുത്ത വഴക്കിനെത്തുടര്‍ന്ന് പ്രകോപിതയായ യുവതി കയ്യിലുണ്ടായിരുന്ന ഹോങ്കോങ്ങ് കറന്‍സി നോട്ടുകള്‍ ബാല്‍ക്കണിയിലൂടെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ഇത് കണ്ട് നിന്ന് നാട്ടുകാരാകട്ടെ വഴക്ക് തീര്‍ക്കാനോ യുവതിയെ ആശ്വസിപ്പിക്കാനോ മുതിരാതെ, താഴെ വീണുകിട്ടുന്ന നോട്ടുകള്‍ വാരിക്കൂട്ടാനാണ് ശ്രമിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അധികൃതര്‍ സ്ഥലത്തെത്തി. ‘സ്റ്റാര്‍ ലേക്ക് സിറ്റി’യിലെ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് വിഭാഗം ഈ പണമഴ സ്ഥിരീകരിക്കുകയും താഴെ വീണ നോട്ടുകള്‍ യഥാര്‍ത്ഥമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. താഴെ നിന്ന് പണം ലഭിച്ച ചിലര്‍ അത് തിരികെ നല്‍കിയതായും ബാക്കിയുള്ളവര്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ ഓഫീസിലോ പണം ഏല്‍പ്പിക്കണമെന്നും മാനേജ്‌മെന്റ് അഭ്യര്‍ത്ഥിച്ചു. നിലവില്‍ ലോങ്ഹു ഡിസ്ട്രിക്റ്റ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ കീഴിലുള്ള പോലീസ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഈ സംഭവത്തെക്കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഭര്‍ത്താവല്ലെങ്കില്‍ പോലും ഇത്രയധികം പണം വലിച്ചെറിയുന്നത് കാണുമ്പോള്‍ വലിയ മാനസിക സമ്മര്‍ദ്ദം തോന്നുന്നുവെന്ന് ചിലര്‍ കുറിച്ചപ്പോള്‍, ജീവിതത്തില്‍ പണമല്ല ഏറ്റവും വലിയ കാര്യമെന്ന് യുവതി തെളിയിച്ചു എന്നായിരുന്നു മറ്റു ചിലരുടെ പരിഹാസം കലര്‍ന്ന പ്രതികരണം. ചൈനീസ് സമൂഹം പാശ്ചാത്യ രീതികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന വാദവും വീഡിയോ കണ്ടവര്‍ പങ്കുവെച്ചു. എങ്കിലും യുവതിയെ ഇത്രയും കടുത്ത നിലപാടിലേക്ക് നയിച്ച കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല.
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version