കൊച്ചി: കുംഭമേള വൈറൽ താരത്തെ തിരികെ കൊണ്ടുപോകാൻ ഉറച്ച് മധ്യപ്രദേശ് പൊലീസ്. താരത്തിൻ്റെ ഭര്‍ത്താവിനെതിരെ പോക്‌സോ കേസെടുത്തതിന് പിന്നാലെയാണ് പെൺകുട്ടിയെ പിടികൂടാൻ പൊലീസ് എത്തിയത്.
പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ പൊലീസ് കൊച്ചിയിൽ തുടരുകയാണ്. പ്രായപൂർത്തി ആവാതെ വിവാഹം നടത്തിയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പങ്കാളി ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.
മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതിന് പിന്നാലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു. ഇത് ഹൈക്കോടതിയുടെ പരിധിയിലുള്ള കേസാണെന്നും 20 വരെ അറസ്റ്റ് തടഞ്ഞിട്ടുള്ളതായും മധ്യപ്രദേശ് പൊലീസ് എന്തിനാണ് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം.
മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ടുമാസവും മാത്രമായിരുന്നു പ്രായം എന്നാണ് ദേശീയ പട്ടികവർഗ കമീഷൻ്റെ റിപ്പോർട്ട്. വിവാഹ വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതിൽ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു.
18 വയസ് തികഞ്ഞെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റാണ് ദേശീയ പട്ടിക വർഗ കമ്മീഷന്റെ നിർദേശപ്രകാരം ഈ മാസം റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഇഷ്യൂ ചെയ്ത ജനന സർട്ടിഫിക്കറ്റാണ് റദ്ദാക്കിയത്. സർട്ടിഫിക്കറ്റ് പ്രകാരം 2008 ജനുവരി ഒന്നിനാണ് പെൺകുട്ടി ജനിച്ചത്. ഈ വർഷം ആധാറും പാനുമെടുത്തത് ഈ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും കണ്ടെത്തിയിരുന്നു.
പെൺകുട്ടി കേരളത്തിലെത്തിയത് നിയമപരമായി ലഭിച്ച രേഖകളുമായാണ്. വിവാഹത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ച് രേഖകളുടെ വെരിഫിക്കേഷൻ നടത്തിയിരുന്നു. റദ്ദാക്കിയത് വിവാഹം നടന്ന ശേഷം മാത്രമാണെന്നും നടപടി പെൺകുട്ടിയുടെ വാദം കേൾക്കാതെയാണെന്നും കണ്ടെത്തിയിരുന്നു.





