ലഹോർ: ലഷ്കറെ തയിബ സ്ഥാപക അംഗമായ ഭീകരൻ ആമിർ ഹംസയ്ക്ക് വെടിയേറ്റു. പാക്കിസ്ഥാനിലെ ലഹോറിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിനു പുറത്തുവച്ചാണ് ആമിറിന് വെടിയേറ്റതെന്നും ഇയാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
1985നും 1986നുമിടയിൽ ഭീകരരായ ഹാഫിസ് സയീദും ആമിർ ഹംസയും ചേർന്നാണ് ലഷ്കറെ തയിബ സ്ഥാപിച്ചത്. ഇന്ത്യയിലടക്കം നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ആമിർ ഹംസയായിരുന്നു. ലഷ്കറെയുടെ രണ്ടാമത്തെ പ്രധാന നേതാവായാണ് ഇയാളെ കണക്കാക്കുന്നത്.
യുഎസ് ഇയാളെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. 1959ൽ ജനിച്ച ഹംസ അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. തുടർന്നാണ് ലഷ്കറെയ്ക്ക് രൂപം നൽകുന്നത്. എന്നാൽ 2018ൽ ഇയാൾ ലഷ്കറെയുമായി അകന്നിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
