മലയാളി നഴ്‌സിനു കുത്തേറ്റു; ‘ഗോബാക്ക് ഇന്ത്യ’ പറഞ്ഞ് ആക്രമണം, സംഭവം ഒറ്റയ്ക്ക് പുറത്തിറങ്ങിയപ്പോൾ!

0
4
  • താരതമ്യേന മലയാളികള്‍ കുറവുള്ള പ്രദേശത്ത് വെച്ചാണ് കുത്തേറ്റത് 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു നേരെ വംശീയാക്രമണം. വയറിനു കുത്തേറ്റ തൃപ്പൂണിത്തുറ സ്വദേശിയായ യുവാവ് ആശുപത്രിയിലായി. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കാവന്‍ എന്ന സ്ഥലത്താണു സംഭവം. പാല്‍ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോള്‍ ഒരു പറ്റം കൗമാരക്കാര്‍ ‘ഗോബാക്ക് ഇന്ത്യ’  പറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണു വിവരം.

കുത്തേറ്റതോടെ യുവാവ് റോഡിലിറങ്ങി വാഹനം തടഞ്ഞു നിര്‍ത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നത്രെ. നിലവില്‍ കുത്തേറ്റ യുവാവ് കാവന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവം പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഡബ്ലിനില്‍ നിന്നു 110 കിലോമീറ്റര്‍ മാറിയാണ് കാവന്‍. അയര്‍ലന്‍ഡില്‍ താരതമ്യേന മലയാളികള്‍ കുറവുള്ള പ്രദേശമാണ് ഇത്. ഒരു ഇടവേളയ്ക്കു ശേഷം അയര്‍ലന്‍ഡില്‍ വിദേശികള്‍ക്കെതിരായ വികാരം ശക്തമായിട്ടുണ്ട്. തണുപ്പു കാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും വളരെ വൈകി മാത്രം വീടുകളില്‍ കയറുന്ന സാഹചര്യമാണുള്ളത്. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് ഇവരില്‍ പലരും നിരത്തുകളിലുള്ളത്. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ക്കിടയിലേയ്ക്ക് ഒറ്റപ്പെട്ടു ചെന്നു പെടുന്ന സാഹചര്യം ഒഴിവാക്കണം എന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.