ആലപ്പുഴ: ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോയ അഗ്‌നിരക്ഷാവാഹനത്തിന് വഴിമുടക്കി കാര്‍. കെഎല്‍ 32 വി 7934 എന്ന നമ്പരിലുള്ള കാറാണ് അഗ്‌നിരക്ഷാവാഹനത്തിന് വഴിനല്‍കാതെ സഞ്ചരിച്ചത്. സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് പോലീസില്‍ പരാതി നല്‍കി.
ചൊവ്വാഴ്ച രാവിലെയാണ് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. ഡയാലിസിസ് യൂണിറ്റിന് മുകള്‍ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ആശുപത്രി ജീവനക്കാര്‍ മരുന്നെടുക്കാന്‍ മുറി തുറന്നപ്പോള്‍ വൈദ്യുതി ലൈനില്‍നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലെ പോലീസ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ആലപ്പുഴ, അരൂര്‍, ചേര്‍ത്തല, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍നിന്നുമാണ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയത്. ആലപ്പുഴയില്‍നിന്നും പോയ ഫയര്‍ഫോഴ്‌സ് വാഹനത്തിന് മുന്നിലാണ് കാര്‍ വഴിതരാതെ ഓടിച്ചത്.





