ഭരണം ലഭിക്കുമെന്ന നിഗമനത്തിൽ കോൺഗ്രസിൽ ‘കസേരകളി’

0
30

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരാൻ മൂന്നാഴ്ചയുണ്ടെങ്കിലും ഭരണം ലഭിക്കുമെന്ന നിഗമനത്തിൽ കോൺഗ്രസിൽ ‘കസേരകളി’ തുടങ്ങി. പ്രമുഖനേതാക്കളുടെ അണികൾ സമൂഹികമാധ്യമങ്ങളിലൂടെയാണ് അതതുപക്ഷത്തിനായി രംഗത്തിറങ്ങിയത്. ഇത്തരം ചർച്ചകൾ ഹൈക്കമാൻഡ് ശക്തമായി വിലക്കിയിട്ടുണ്ടെങ്കിലും ചാനൽ മൈക്കുകൾക്കുമുന്നിൽ നേതാക്കന്മാരുടെ വാക്കുകൾ ഇടയ്ക്ക് വഴുതുന്നത് ചർച്ചകൾക്ക് ഊർജം പകരുന്നു.

മുഖ്യമന്ത്രി എറണാകുളം ജില്ലയിൽനിന്നാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അഭിപ്രായമാണ് തുറന്നചർച്ചകൾക്ക് വഴിവെച്ചത്. എം.എൽ.എ.യല്ലാത്തയാൾ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് കെ.പി.സി.സി. പ്രസിഡന്റ് നൽകിയ മറുപടി അത്തരം സാധ്യതകളിലേക്കും വിരൽചൂണ്ടുന്നതായിരുന്നു. എന്നാൽ, വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും നേരിട്ട് ഇത്തരം ചർച്ചകളുടെ ഭാഗഭാക്കാകാതെ പാർട്ടിക്കതിന് അതിന്റേതായ രീതിയുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.

മുൻപ് കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കൾ മുന്നണിയെ നയിച്ചിരുന്നകാലത്ത് നേരത്തേ പ്രഖ്യാപിച്ചില്ലെങ്കിൽപ്പോലും അധികാരം ലഭിച്ചാൽ ആരാകും അമരത്ത് എന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നില്ല. എന്നാൽ, നിലവിൽ അതല്ല സ്ഥിതി. ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നില്ല സ്ഥാനാർഥിനിർണയമെന്നതിനാൽ ഗ്രൂപ്പടിസ്ഥാനത്തിലുള്ള വിലപേശൽ ഇപ്രാവശ്യം നടക്കാനിടയില്ല. എങ്കിലും എം.എൽ.എ.മാരുടെ അഭിപ്രായം തേടിയശേഷമാകും ഹൈക്കമാൻഡ് തീരുമാനം.

സാധ്യതകൾ മൂന്ന്

1. യു.ഡി.എഫിനെ അധികാരത്തിൽ തിരികെക്കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയവനവാസത്തിന് പോകുമെന്ന നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള സ്വാഭാവിക പേരാണ്. വലിയ വിജയമുണ്ടായാൽ സതീശന്റെ നിലപാടുകൾക്കുള്ള അംഗീകാരമായിക്കൂടി കണക്കാക്കപ്പെടും.

2. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും തുല്യപ്രാധാന്യത്തിൽ പരിഗണിക്കപ്പെടും. പാർട്ടിയിലെ സീനിയോറിറ്റി അനുകൂലഘടകമാണ്. വലിയ ഭൂരിപക്ഷത്തോടെയല്ല അധികാരം പിടിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ അനുനയരീതി ഗുണകരമാകാം.

3. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരാണ് മറ്റൊന്ന്. ദേശീയനേതൃത്വത്തിലെ പുനഃസംഘടനകൂടി ഉടൻ ഉണ്ടായേക്കുമെന്ന പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് അദ്ദേഹത്തെ സംസ്ഥാനത്തേക്ക് നിയോഗിച്ചേക്കാം. എം.എൽ.എ. അല്ലാതെ മുഖ്യമന്ത്രിയായ ചരിത്രം കോൺഗ്രസിലും സി.പി.എമ്മിലുമുണ്ട്.