ഇറാനെതിരെയുള്ള കടന്നാക്രമണത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. യുദ്ധത്തിനെതിരെ താന്‍ ഇനിയും സംസാരിക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി.
ട്രംപിന്റെ വിമര്‍ശനവും ഭീഷണിയും തുടര്‍ന്നാലും യുദ്ധ വിരുദ്ധ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ക്രിസ്തീയ സന്ദേശങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ആദ്യ യുഎസ് മാര്‍പാപ്പയായ ലിയോ പതിനാലാമന്‍ പറഞ്ഞു.
നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പത്തുദിവസത്തെ സന്ദര്‍ശനത്തിനായി അള്‍ജീരിയയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൊണാള്‍ഡ് ട്രംപുമായി വാദപ്രതിവാദത്തിന് താനില്ല. ചിലര്‍ ചെയ്യുന്നതുപോലെ സുവിശേഷ സന്ദേശത്തെ ദുരുപയോഗം ചെയ്യാനുള്ള ഒന്നായി താന്‍ കരുതുന്നില്ല.
പ്രശ്‌നങ്ങള്‍ക്ക് നീതിയുക്തമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി സമാധാനം പ്രോത്സാഹിപ്പിക്കാനും ചര്‍ച്ചകള്‍ക്കും രാജ്യങ്ങള്‍ തമ്മിലുള്ള ബഹുരാഷ്ട്ര ബന്ധങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് യുദ്ധത്തിനെതിരെ താന്‍ ശബ്ദമുയര്‍ത്തുന്നത് തുടരും. എത്രയോ നിരപരാധികള്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണ്. സമാധാനപരമായ മറ്റൊരു പരിഹാരമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറയേണ്ടതുണ്ടെന്നും ട്രംപിന്റെ വിമര്‍ശനങ്ങളോടുള്ള മറുപടിയായി ലിയോ മാര്‍പാപ്പ പറഞ്ഞു.
യുദ്ധത്തിനെതിരെ സംസാരിച്ചതിന്റെ പേരില്‍ രൂക്ഷമായ ഭാഷയിലാണ് ഡൊണാള്‍ഡ് ട്രംപ് മാര്‍പാപ്പയ്‌ക്കെതിരെ പ്രതികരിച്ചത്. പോപ്പ് ലിയോ കുറ്റകൃത്യങ്ങള്‍ തടയുന്ന കാര്യത്തില്‍ ദുര്‍ബലനാണെന്നും വിദേശനയത്തിന്റെ കാര്യത്തില്‍ വളരെ മോശമാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ മാര്‍പാപ്പയെ അധിക്ഷേപിച്ച ട്രംപിനെതിരെ കത്തോലിക്കാ വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹിറ്റ്‌ലറോ മുസ്സോളിനിയോ പോലും പോപ്പിനെ ഇതുപോലെ ആക്രമിച്ചിട്ടില്ലെന്നാണ് ട്രംപിനെതിരായ വിമര്‍ശനം.
യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന സൈനിക നീക്കത്തെ വിമര്‍ശിച്ച മാര്‍പാപ്പ യുദ്ധത്തെ ഭ്രാന്ത് എന്നായിരുന്നു വിശേഷിപ്പിച്ചത്. ട്രംപിന്റെ പല നയങ്ങള്‍ക്കെതിരെയും നേരത്തേയും മാര്‍പാപ്പ ശബ്ദമുയര്‍ത്തിയിരുന്നു. ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ സഭയുടെ ‘ജീവന്‍ സംരക്ഷിക്കുക’ എന്ന നിലപാടിന് അനുസൃതമാണോ എന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം ചോദിച്ചിരുന്നു. കുടിയേറ്റക്കാരോടുള്ള യുഎസിന്റെ നിലപാടില്‍ ആഴത്തിലുള്ള ചിന്ത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മാര്‍പാപ്പ എന്ന നിലയിലുള്ള കടമകള്‍ ലിയോ പതിനാലാമന്‍ ശരിയായ ചെയ്യണമെന്നായിരുന്നു ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. താന്‍ മാര്‍പാപ്പയുടെ വലിയ ആരാധകനല്ലെന്നും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാനിയന്‍ സംസ്‌കാരം നശിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന് മാര്‍പ്പാപ്പ പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍, ലിയോ ആണവായുധങ്ങളുടെ കാര്യത്തില്‍ ദുര്‍ബലനാണ് എന്നും ട്രംപ് ആരോപിച്ചിരുന്നു.
കഴിഞ്ഞ മാസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന ഓശാന ഞായര്‍ പ്രസംഗത്തില്‍, യുദ്ധം തുടങ്ങുന്നവരുടെയും കൈകളില്‍ രക്തം പുരണ്ടവരുടെയും പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുമെന്ന് മാര്‍പ്പാപ്പ പറഞ്ഞിരുന്നു. ഇറാന്‍ സംഘര്‍ഷത്തെ ‘ക്രൂരത’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കാനും അക്രമം കുറയ്ക്കാനുമായി ഒരു വിട്ടുവീഴ്ചാ മാര്‍ഗം കണ്ടെത്താന്‍ ലിയോ ട്രംപിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.





