പോളിയോ വാക്സിനേഷൻ സംഘത്തിനുനേരെ ആക്രമണം; ഒരു മരണം, നാല് പേർക്ക് പരിക്ക്

0
13

പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പോളിയോ വാക്സിനേഷൻ സംഘത്തിനു നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മെഡിക്കൽ സംഘത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ സംഘത്തിന് നേരെയാണ് വെടിവയ്പുണ്ടായത്.

പ്രവിശ്യാ വ്യാപകമായി ആരംഭിച്ച പോളിയോ വാക്സിൻ പ്രചാരണത്തിന്റെ ആദ്യ ദിവസം ഹാങ്‌ഗു ജില്ലയിലെ താൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാപ്രി വസീരാൻ പ്രദേശത്താണ് സംഭവമുണ്ടായത്. തല്ലിലെ അഡീഷണൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റതെന്നും ഒരു കോൺസ്റ്റബിൾ കൊല്ലപ്പെട്ടതായും ജില്ലാ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ പൊലീസുകാരിൽ മൂന്ന് പേർ ഹാംഗുവിലെ പൊലീസ് ട്രെയിനിങ് കോളേജിലുള്ളവരാണ്.

പൊലീസ് സംഘത്തിന്റെ വെടിവയ്പ്പിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി കൊഹാത്ത് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) ഇർഫാൻ താരിഖ് പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ സേന പ്രദേശം വളഞ്ഞ് അക്രമികളെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചു.

ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി ആക്രമണത്തെ അപലപിച്ചു. തിങ്കളാഴ്ച മുതൽ പ്രവിശ്യയിലുടനീളം നാല് ദിവസത്തെ പോളിയോ വിരുദ്ധ കാമ്പയിൻ ആരംഭിച്ചതിനോട് അനുബന്ധിച്ചാണ് ആക്രമണം നടന്നത്. 35,000ത്തിലധികം വാക്സിനേഷൻ ടീമുകൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഏകദേശം 50,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോളിയോ ബാധ വ്യാപകമായി തുടരുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ.