‘ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിം​ഗ് സ്ഥിരം ശൈലി: ഡോ. റാം പ്രശ്നക്കാരനെന്ന് വിദ്യാര്‍ത്ഥികള്‍

0
10

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി അഞ്ചരക്കണ്ടി കോളേജിലെ വിദ്യാർത്ഥികൾ. ഡോ. എം കെ റാം സ്ഥിരം പ്രശ്നക്കാരനെന്നാണ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ. സ്ഥിരമായി മോശം ഭാഷ ഉപയോ​ഗിക്കും. പതിവായി ബോഡി ഷെയ്മിം​ഗ് ചെയ്യുമായിരുന്നു.

ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും. നേരത്തെയും രണ്ട് തവണ റാമിനെ സസ്പെൻഡ് ചെയ്തിരുന്നു എന്നും വിദ്യാർത്ഥികൾ പറയുന്നു. ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍റെ മരണത്തിൽ ആരോപണവിധേയനായ ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് വിദ്യാര്‍ത്ഥികള്‍ നടത്തുന്നത്.

അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇന്ന് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നത്. ക്സാസുകള്‍ ബഹിഷ്കരിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. നിതിൻ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും തങ്ങള്‍ കഴിഞ്ഞ കാലങ്ങളിൽ കൊടുത്ത പരാതികളിൽ നടപടി വേണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

‘’നമുക്ക് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പേടിച്ചിട്ട് തന്നെയാണ് പറയാതിരുന്നത്. കാരണം ഇദ്ദേഹത്തിന്‍റെ ഫ്രണ്ട്സ് ആണ് എക്സാമിന് വരുന്നത്, അല്ലെങ്കിൽ ജൂനിയേഴ്സ് ആയിരിക്കും വരുന്നത്. നിങ്ങള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി കഴിഞ്ഞാൽ എനിക്ക് നിങ്ങളെ ഫെയിലാക്കാൻ പറ്റും. സംസാരിച്ചാൽ എന്താണുണ്ടാകുക എന്നൊന്നും എനിക്കറിയില്ല, എന്നെ ഫെയിലാക്കിയേക്കാം.

ഞങ്ങള്‍ അദ്ദേഹത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. അദ്ദേഹം ബോഡി ഷെയിമിംഗ് ചെയ്യുന്നു, ലീൻ, ഫാറ്റി എന്നൊക്കെ വിളിച്ച് സംസാരിക്കുന്നു, പേരൻ്‍റ്സ് മീറ്റിംഗിന്‍റെ സമയത്ത് അവരുടെ മുന്നിൽ വെച്ച് തന്നെ വളരെ മോശമായി ഒരു കുട്ടിയെക്കുറിച്ച് പറയുന്നു, ആൻസര്‍ ഷീറ്റ് വലിച്ചെറിയുന്നു. നീ വൈവ കംപ്ലീറ്റാക്കില്ല , ഇന്‍റേണൽ എക്സാം പാസാകില്ല എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തുന്നു.

ആ കുട്ടിയെ വിളിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാൻ കാരണം നമ്മളെയും അങ്ങനെ വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. ഫിസിക്കലായിട്ട്, തലയിൽ അടിക്കുക, ചെവിയിൽ പിടിക്കുക, ബോയ്സിനെ വിട്ട് ഗേള്‍സിനെ അടിപ്പിക്കുക അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തിനെതിരെ ഗേള്‍സിനെ ഫിസിക്കലി ഉപദ്രവിക്കുന്നു എന്നൊരു പരാതി പോയിട്ടുണ്ട്. അതിന് ശേഷമാണ് ബോയ്സിനെ വിട്ട് ഗേള്‍സിനെ അടിപ്പിക്കുന്നത്. ചെറുതായിട്ട് അടിച്ചാൽ വേദനിച്ചില്ലെങ്കിലും വീണ്ടും അടിക്കാൻ പറയും.” ഡെന്‍റൽ കോളേജ് വിദ്യാര്‍ത്ഥിനി പറയുന്നതിങ്ങനെ.